
''മലപ്പുറം കത്തി മുതല്‍ ഡാര്‍ജലിംഗില്‍ ഗൂര്‍ഘാ ഗറില്ലകള്‍ ഉപയോഗിക്കുന്ന അമ്പും വില്ലും വരെ. ചാകാന്‍ ഇഷ്ടപ്പെട്ട ആയുധം തെരഞ്ഞെടുക്കാം'' ഒടുവില്‍ 'മലപ്പുറം കത്തി...തോക്ക്...മെഷീന്‍ഗണ്ണ്, ഒലക്കേടെ മൂട്... അങ്ങിനെ പവനായി ശവമായി. ' എന്ന തിലകന്റെ ആത്മഗതവും. അന്തരിച്ച പ്രമുഖനടന് ക്യാപ്റ്റന്‍ രാജുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ രംഗം മനസ്സിലേക്ക് ഓടിവരാത്തവര് ചുരുക്കമാണ്. പിന്നെ സിഐഡി മൂസയില്‍ തനിയെ വരുന്ന ചായ കുടിച്ച ശേഷം കപ്പ് ആരു കഴുകുമെന്ന് ഹരിശ്രീ അശോകന് ചോദിക്കുമ്പോള്‍ അത് ഗസ്റ്റുകള്‍ പോയ ശേഷം മൂടി തുറന്ന് ഞാന്‍ തന്നെ കഴുകിവെയ്ക്കുമെന്ന് പറയുന്ന മൂലംകുഴി സഹദേവന്റെ ഡിറ്റക്ടീവ് അമ്മാവന് കരുണന് ചന്തക്കവലയേയും അത്ര പെട്ടെന്ന് മറക്കാന്‍ വഴിയില്ല.
വാടകക്കൊലയാളിയായും നിര്‍വ്വികാരതയോടെ ക്രൂരത കാട്ടുന്നയാളായും വില്ലന്‍ വേഷങ്ങളിലൂടെ മലയാളം സിനിമാ പ്രേമികളെ ഞെട്ടിച്ച ശേഷമായിരുന്നു ക്യാപ്റ്റന്റെ ചിരിവേഷങ്ങളിലേക്കുള്ള മാറ്റം. പിന്നീട് മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥയിലെ അരങ്ങോടരുടെ വേഷത്തിലും കാബൂളിവാലയിലെ സര്‍ക്കസ് ഉടമായുള്ള വേഷവും കൊണ്ട് നിറഞ്ഞാടുക കൂടി ചെയ്തതോടെ അദ്ദേഹത്തിലെ അഭിനയപ്രതിഭ വെളിവാകുകയായിരുന്നു. 1981 ല്‍ ജോഷി സംവിധാനം ചെയ്ത രക്തത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേക്ക് വന്ന ക്യാപ്റ്റന്‍രാജു മാതാവിന്റെ ഇഷ്ടക്കേടിനെ തുടര്‍ന്നായിരുന്നു ക്യാരക്ടര്‍ വേഷത്തിലേക്ക് മാറിത്തുടങ്ങിയത്. അമ്മ മരിച്ചതോടെ ഇനി നെഗറ്റീവ് റോള്‍ വേണ്ടെന്ന തീരുമാനത്തില്‍ ക്യാപ്റ്റന്‍ പൂര്‍ണ്ണമായും എത്തി. പരുക്കന്‍ കഥാപാത്രങ്ങയെും ക്രൂരവില്ലന്‍മാരേയും അവതരിപ്പിക്കാന്‍ തക്കവിധത്തില്‍ ശബ്ദവും ആകാരസൗഷ്ടവവും അദ്ദേഹത്തിനുണ്ടായിരുന്നു.
ആവനാഴിയിലെ സത്യരാജും ആഗസ്റ്റ് 1 ലെ സീരിയല്‍ കില്ലര്‍ ഗോമസും അദ്ദേഹത്തെ വില്ലന്‍ വേഷത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ വേഷങ്ങളായിരുന്നു. നെഗറ്റീവ് റോളുകള്‍ തന്നെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നും വിശ്വസിച്ചിരുന്ന അദ്ദേഹം സ്വയമായും വില്ലന്‍ വേഷത്തില്‍ നിന്നും മാറാന്‍ ആഗ്രഹിച്ചിരുന്നു. വില്ലന്‍ വേഷത്തില്‍ ക്രൂരതയുടെ പര്യായമായി മാറിയ അദ്ദേഹം പക്ഷേ 1987 ല്‍ പവനായിയിലേക്കും 89 ല്‍ അരങ്ങോടരിലേക്കും എത്തിയപ്പോള്‍ വിസ്മയിപ്പിച്ചു. പിന്നീട് ദീര്‍ഘനാളിന് ശേഷം 2003 ല്‍ സിഐഡി മൂസയിലെ കരുണന് ചന്തക്കവലയിലേക്കു കൂടി എത്തുമ്പോള്‍ ചിരിയുടെ പൂരം തീര്‍ക്കുകയായിരുന്നു. പി.വി.നാരായണന് എന്നാണ് ശരിക്കുള്ള പേര്. ഒരു കൊലപാതകിക്ക് നാരായണന് എന്ന പേര് ചേരില്ലാത്തതിനാല് പരിഷ്ക്കരിച്ച് പവനായി ആക്കിയതാണെന്നു വാടകക്കൊലയാളി നാടോടിക്കാറ്റില്‍ പറയുന്നതും സിഐഡി മൂസയില്‍ സ്യൂട്ട് കേയ്സ് തുറന്ന് സഹോദരിയുടെ കയ്യില്‍ മീന്‍ കൊടുക്കുന്നതും ഇന്നും കാണുമ്പോള്‍ സിനിമാപ്രേമികള്‍ ചിരിച്ചുമറിയും.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അദ്ധ്യാപക ദമ്പതികളായിരുന്നു ദാനിയേലിന്റെയും അന്നമ്മയുടെയും മകനായി 1950 ല്‍ ഓമല്ലൂരില്‍ ജനിച്ച ക്യാപ്റ്റന്‍ 21 ാം വയസ്സില്‍ കരസേനയില്‍ സെക്കന്റ് ലെഫ്നന്റായി ജോലി ചെയ്യുന്ന വേളയിലാണ് പിരിഞ്ഞ് അഭിനയത്തിലേക്ക് എത്തുന്നത്. ബോംബെ നാടകവേദിയിലേക്ക് ആദ്യം ചേര്‍ന്ന ക്യാപ്റ്റന്‍രാജു 1981 ലാണ് സിനിമയിലേക്ക് വരുന്നത്. ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം മികവ് തെളിയിച്ചു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമും ലൈലയുമായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.






