
ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെ നടി അന്‍സിബ ഹസന്‍. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അന്‍സിബ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എഫ്.ഐ.ആര്‍ ഇടാത്തതിനെത്തുടര്‍ന്ന് താന്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അന്‍സിബ വ്യക്തമാക്കി.
"പോലീസ് എഫ് ഐ ആര്‍ എടുത്തിട്ടില്ല സാര്‍.. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍. FIR ഇടാത്തതിനെ തുടര്‍ന്ന് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സാര്‍. കേസെടുക്കാനാവില്ല എന്ന് അവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട് സാര്‍..." എന്നായിരുന്നു അന്‍സിബ കുറിച്ചത്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ നല്‍കിയ മറുപടിയും അന്‍സിബ പുറത്തുവിട്ടു. പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയതായി എസ്.എച്ച്.ഒ അന്‍സിബയെ അറിയിച്ചു. പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതില്‍ അപകീര്‍ത്തിപ്രചാരണത്തിനുളള വകുപ്പ് പ്രകാരമുളള കുറ്റമേ നിലനില്‍ക്കൂ, മറ്റ് വകുപ്പുകള്‍ നിലനില്‍ക്കില്ല, അതിനാല്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അന്‍സിബ പുറത്തുവിട്ട മറുപടിയിലുളളത്.
കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അന്‍സിബയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
"നടി എന്നെ ഫോണില്‍ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്.ഐ.ആര്‍ ഇടുന്നില്ലെന്ന് പറഞ്ഞു. കമ്മീഷണറെ വിളിച്ചപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആര്‍ ഇട്ടാല്‍ ഞാന്‍ അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാന്‍ ഇടപെടുന്നതാണ് തെറ്റ്. എഫ്.ഐ.ആര്‍ ഇട്ടാല്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്" എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.






