നല്‍ഗൊണ്ട: തെലങ്കാനയിലെ ദുരഭിമാനക്കൊലയുടെ ഇരയായ പ്രണയിന്റെ ഭാര്യ അമൃതയെ തമിഴ്നാട്ടില്‍ നിന്നുള്ള ദുരഭിമാനക്കൊലയുടെ ജീവിക്കുന്ന രഷ്തസാക്ഷി കൗസല്യ സന്ദര്‍ശിച്ചു. തമിഴ്നാട്ടില്‍ 2016ല്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായ ശങ്കര്‍ എന്ന ദളിത് യുവാവിന്റെ ഭാര്യയാണ് കൗസല്യ. സമാനസാഹചര്യത്തില്‍ തെലങ്കാനയില്‍ കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിന്റെ ഭാര്യ അമൃതയെ കൗസല്യ സന്ദര്‍ശിച്ചു. തന്റെ അഭിഭാഷകനും കൗസല്യയ്ക്കൊപ്പം ഉണ്ടായിരുന്നു.
തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ മൃയാലഗുഡയിലുള്ള പ്രണയിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അമൃതയ്ക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് കൗസല്യ അറിയിച്ചു. ശങ്കറിനെ കൊന്ന കേസില്‍ കൗസല്യയുടെ പിതാവടക്കമുള്ള പ്രതികള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ശങ്കറിന്റെ മരണത്തോടെ ജാതിവിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട് കൗസല്യ. ശങ്കറിന്റെ കൊലപാതകത്തെക്കുറിച്ചും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയെക്കുറിച്ചും അമൃത കൗസല്യയോട് ചോദിച്ചറിഞ്ഞു.






