
സംസ്ഥാനത്ത് ഇന്ന് ആറു പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴയിലും കൊല്ലത്തും രണ്ട് പേർ വീതവും തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം 172 പേർക്കാണ് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ആറു മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 248 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് (58), വയനാട് (23), തൃശൂർ (12), ആലപ്പുഴ (5) ജില്ലകളിൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (24), തിരുവനന്തപുരം (18), കൊല്ലം (12), കണ്ണൂർ (11), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ നിപ സാഹചര്യത്തിൽ ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചപ്പോൾ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. നിപ സമാന ലക്ഷണങ്ങളുള്ളവരിൽ നടത്തിയ പരിശോധനകളിലും 52 പേരുടെ ഫലം നെഗറ്റീവായി.
നിലവിൽ അതീവ ഉയർന്ന റിസ്‌ക് വിഭാഗത്തിലുള്ള നാല് പേരും ഉയർന്ന റിസ്‌ക് വിഭാഗത്തിലുള്ള 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലുമുണ്ട്. നിപ ബാധിതനായ രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.






