
കൊച്ചി: സി.എം.ആര്‍.എലും എക്‌സാലോജിക്കുമായി നടന്ന സാമ്പത്തിക ഇടപാടുകളുടെ അന്വേഷണഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഒൻപത് മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടത്.
ഇത് രണ്ടാം വട്ടമാണ് വീണ ഇ.ഡിക്കു മുന്നിലെത്തുന്നത്. കഴിഞ്ഞ 17 ന് ചോദ്യംചെയ്യലിന് വിധേയയായ വീണയ്‌ക്ക് 29 ന് വീണ്ടും ഹാജരാകണമെന്ന് കാട്ടി ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് തീയതിക്കും നാലുദിവസം മുന്നേ വീണ എത്തുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയ്‌ക്കാണ് വീണ ഇ.ഡി. ഓഫീസില്‍ എത്തിയത്. എക്‌സാലോജിക് - സി.എം.ആര്‍.എല്‍. ഇടപാടുകളുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ്(എസ്.എഫ്.ഐ.ഒ.) നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ 134 സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം ഇ.ഡിക്കു ലഭിച്ചിരുന്നു. ഇതില്‍ വീണയും സി.എം.ആര്‍.എലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വ്യക്‌തമായ തെളിവുകളും ഉള്‍പ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് വീണയെ വീണ്ടും ചോദ്യം ചെയ്തത്.






