
ഒരു നാടിന് മൊത്തം അഭിമാനമായിരിക്കുകയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. ജീവിതത്തിലെ ആകെ സമ്പാദ്യം കൊണ്ട് അവള് നിര്‍മിച്ചത് അഞ്ചുശുചിമുറികളാണ്. ജംഷഡ്പുര്‍ ടെല്‍കോ ഹില്‍ ടോപ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനി മോദ്രിത ചാറ്റര്‍ജിയാണ് വേറിട്ട പ്രവര്‍ത്തനത്തിലൂടെ നാടിന് മാതൃകയാകുന്നത്.
2016 ഡിസംബറില്‍, പോക്കറ്റ് മണിയും ചെറു സമ്പാദ്യങ്ങളും അടങ്ങിയ 12,000 രൂപ ഉപയോഗിച്ച് ഗോര്വധിപുര് ഗ്രാമത്തിനു ശുചിമുറി പണിതു നല്കിയ മോദ്രിത നാടിനു പകര്‍ന്ന ശുചിത്വ സന്ദേശം ദേശീയതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ആ ഗ്രാമത്തിലെ ആദ്യ ശുചിമുറിയായിരുന്നു ഇത്. ടെല്‍കോയുടെ സഹകരണത്തോടെ ഹല്ദുബനിയില് നിര്‍മിച്ച അഞ്ചാമത്തെ ശുചിമുറി ഇന്നലെ തുറന്നു. മോദ്രിതയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി രഘുബര്‍ദാസും വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു.
ജംഷഡ്പുരിലെ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ അമിതാഭ് ചാറ്റര്‍ജിയുടെയും അധ്യാപികയായ സ്വാതിയുടെയും മകളാണു മോദ്രിത. ഗോര്വധിപുരിലും സമീപ ഗ്രാമങ്ങളിലും ശുചിത്വസന്ദേശമെത്തിക്കാന് ജില്ലാ ഭരണകൂടത്തിന്റെ പ്രചാരകയായിരിക്കുകയാണ് ഇപ്പോള്‍ ഈ എട്ടാം ക്ലാസുകാരി.






