
പ്രീ സീസണില്‍ കൊച്ചിയില്‍ കേരളബ്ളാസ്റ്റേഴ്സിനെയും മെല്‍ബണ്‍ എഫ്സിയെയും മുക്കിയ ജിറോണ എഫ് സി ലോകഫുട്ബോളിലെ വമ്പന്മാരായ ബാഴ്സിലോണയെയും വിറപ്പിച്ച് വിട്ടു. സ്പാനിഷ് ലാലിഗയില്‍ നടന്ന മത്സരത്തില്‍ ബാഴ്സിലോണ പ്രതിരോധ താരം ജെറാഡ് പിക്കേയുടെ ഗോളില്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. സൂപ്പര്‍ താരം ലിയോണേല്‍ മെസ്സിയുടേതായിരുന്നു ബാഴ്സിലോണയുടെ ആദ്യ ഗോള്‍.
ആദ്യ പകുതിയില്‍ തന്നെ പത്തു പേരായി ചുരുങ്ങിയ ബാഴ്സിലോണയുടെ ലെംഗ്ലെറ്റ് 35 ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. പത്തൊമ്പതാം മിനിറ്റില്‍ മെസ്സിയുടെ ഗോള്‍ കണ്ടുകൊണ്ടായിരുന്നു ബാഴ്സിലോണ തുടങ്ങിയത്. തൊട്ടു പിന്നാലെ ജിറോണ താരം പെറേ പോണ്‍സിനെ എല്‍ബോ ചെയ്തതിന് പ്രതിരോധതാരം ലെംഗ്ലെറ്റ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. കഴിഞ്ഞ സീസണില്‍ സെവില്ലയ്ക്ക് കളിച്ച ഫ്രഞ്ച്താരം ഈ സീസണില്‍ ബാഴ്സയിലെത്ത് അവരുടെ ജഴ്സിയിലുള്ള ആദ്യ മത്സരത്തില്‍ തന്നെ വില്ലനായി. ഉറുഗ്വായന്‍ താരം ക്രിസ്ത്യന്‍ സ്റ്റുവാനി ആദ്യ പകുതി അവസാനിക്കും മുമ്പ് ടീമിന് സമനില നല്കി. രണ്ടാം പകുതിയില്‍ സ്റ്റുവാനി ഒരു ഗോള്‍ കൂടി നേടിയതോടെ ബാഴ്സ പിന്നിലായി.
കഴിഞ്ഞ സീസണില്‍ ബാഴ്സിലോണയോട് 6-1 ന് തോറ്റ ജിറോണ അതിന് പ്രതികാരം ചെയ്യുമെന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പിക്കേയുടെ ഗോള്‍ വന്നത്. 63 ാം മിനിറ്റില്‍ ഹെഡ്ഡറില്‍ നിന്നായിരുന്നു ഗോള്‍. ഇതോടെ പോയിന്റ് പങ്കുവെച്ച ബാഴ്സ ലീഗ് പട്ടികയില്‍ ഒന്നാമത് തന്നെ തുടരുകയാണ്. ശനിയാഴ്ച എസ്പാനിയോളിനെ തോല്‍പ്പിച്ച റയല്‍ പോയിന്റ് നിലയില്‍ ബാഴ്സിലോണയെ മറികടന്നെങ്കിലും സമനിലയോടെ ഒപ്പമെത്തിയ കാറ്റാലന്‍ ടീം ഗോള്‍ വ്യത്യാസത്തില്‍ ഒന്നാമതായി.






