
കോട്ടയം: കന്യാസത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ രൂപതാദ്ധ്യക്ഷന് ഫ്രാങ്കോ മുളയ്ക്കലിനെ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കലും സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസും സന്ദര്‍ശിച്ചു.
ഫ്രാങ്കോയെ സന്ദര്‍ശിച്ചത് പ്രാര്‍ത്ഥനാ സഹായത്തിനാണെന്ന് പറഞ്ഞ മാര്‍ മാത്യു അറയ്ക്കല്‍ ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാര്‍ മാത്യു അറയ്ക്കല്‍ ചോദിച്ചു.






