
മുംബൈ : പാതിരാത്രി മദ്യപിച്ച് നടുറോഡില്‍ അടിപിടികൂടുകയും പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയും ചെയ്ത മൂന്ന് യുവതികളെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച രാത്രി മുംബൈയിലെ ഭയന്ദറില്‍ അടികൂടിയത്.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു നാലുപേരും. മിര റോഡിലെ മാക്സസ് മാളില്‍ നടന്ന പാര്‍ട്ടിക്കുശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവര്‍ ബഹളം ഉണ്ടാക്കിയത്. മാളിന് സമീപത്തുള്ള ഭഗത്സിങ് ഗ്രൗണ്ടില്വച്ചാണ് ഇവര്‍ ബഹളം ഉണ്ടാക്കിയത്. തുടര്‍ന്ന് ആളുകള്‍ തടിച്ചു കൂടുകയായിരുന്നു. സംഭവം അറിഞ്ഞ് പട്രോളിങിലുണ്ടായിരുന്ന പൊലീസ് സംഘം ഇവിടെയെത്തി. പട്രോളിങ് സംഘത്തിലെ വനിതാ പൊലീസ് മനീഷ പാട്ടില്‍, യുവതികളെ പിരിച്ചുവിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് വനിതകള്‍ പൊലീസുദ്യോഗസ്ഥയ്ക്കു നേരെ തിരിയുകയും അവരെ മര്‍ദിക്കുകയുമായിരുന്നു.
വനിതാപൊലീസും മറ്റ് രണ്ടുപേരും ചേര്‍ന്ന് യുവതികളെ കീഴ്പ്പെടുത്തി വാഹനത്തിലേക്ക് മാറ്റുന്നതിനിടെ, ഡികോസ്റ്റ ഓടിരക്ഷപ്പെടുകയും ചെയ്തു. പൊലീസുകാരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സമ്മതിക്കാതെ മര്‍ദിച്ചതിന്റെ പേരിലാണ് യുവതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഡി കോസ്റ്റയ്ക്കായുള്ള തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.






