
ജീവിതത്തില്‍ എന്ത് പ്രശ്നങ്ങളും കുറവുകള്‍ ഉണ്ടായാലും അതിനെയൊക്കെ ശക്തമായി നേരിട്ട് മുന്നേറുന്നവരെ പോരാളികള്‍ എന്ന് വിളിക്കാം. ഫ്ലോറിഡ സ്വദേശിയായ ഷഹോളി അയേഴ്സ് എന്ന ഫാഷന്‍ മോഡലിനെയും ഇങ്ങനെ തന്നെ നമുക്ക് വിളിക്കാം. കാരണം അവരുടെ ജീവിതം തന്നെ ഒരു പോരാട്ടമാണ്. മിലാന് ഫാഷന്‍ വീക്കുള്പ്പെടെ ലോകത്തെ പല വേദികളിലും തരംഗമായ, പ്രമുഖ ബ്രാന്‍ഡുകളുടെ അംബാസഡറായ ഷഹോളി ജനിച്ചതു തന്നെ വലതുകൈ മുട്ടിനുതാഴേക്ക് ശൂന്യമായാണ്.
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ച്ചയായി ഷഹോളിയുണ്ട്. തനിക്ക് കിട്ടിയ അവസരങ്ങളില്പ്പിടിച്ച് മുകളിലേക്ക് കയറുക മാത്രമല്ല അവര്‍ ചെയ്തത്. തന്നെപ്പോലെയുള്ള 100 കണക്കിന് ആളുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഡിസബലിറ്റി ഇന്‍ക്ലൂഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഷഹോളിയിപ്പോള്. അംഗപരിമിതരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ ഫൗണ്ടേഷന് ചെയ്യുന്നത്.
സാധിക്കില്ല എന്നു പറഞ്ഞ പല കാര്യങ്ങളും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചു കൊണ്ടാണ് ഷഹോളി ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. ''ചെറുപ്പത്തില്‍ അദ്ധ്യാപകര്‍ പറയുമായിരുന്നു ജിം ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റില്ലല്ലോയെന്ന്. കുറച്ചുമുതിര്ന്നപ്പോള്, കോച്ച് പറയുമായിരുന്നു ബാസ്ക്കറ്റ്ബാള്‍ കളിക്കാന്‍ പറ്റില്ലല്ലോയെന്ന്. അങ്ങനെ ഒരുപാട് പറ്റില്ലല്ലോ' ഞാന്‍ കേട്ടിട്ടുണ്ട്. കോളേജിലെത്തിയപ്പോഴാണ് എനിക്കൊരു ഫാഷന്‍ മോഡല്‍ ആകണമെന്ന് ദൃഢമായി മനസിനെ പറഞ്ഞുപഠിപ്പിക്കുന്നത്.'' ഷഹോളി പറയുന്നു
'' കൈകളില്ലാത്തതിനാല്‍, നിനക്കത് പറ്റില്ലെന്ന് പറഞ്ഞ് ഫാഷന്‍ ഏജന്‍സിയിലെ ജീവനക്കാരും എന്നെ തിരിച്ചയച്ചു. അത് 10 വര്‍ഷം മുമ്പായിരുന്നു. പക്ഷേ, തോറ്റുകൊടുക്കാന്‍ ഞാന്‍ തയാറല്ലായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തി ഒരുങ്ങി, ഞാനെന്റെ കുറച്ചു ഫോട്ടോസ് എടുത്തു. ഞാനങ്ങനെയെന്റെ പോര്‍ട്ട് ഫോലിയോ തയാറാക്കി. പിന്നെ, ചെറിയ ചെറിയ ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങി ഞാനെന്റെ സ്വപ്നത്തെ മാര്‍ക്കറ്റ് ചെയ്തു. അവര്‍ക്കു വേണ്ടി ചെറിയ തുകയ്ക്ക് ഞാന്‍ മോഡലിംഗ് ചെയ്തുതുടങ്ങി. അതൊരു നല്ല തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് ഞാനെന്റെ സ്വപനത്തിനൊപ്പമായിരുന്നു ജീവിച്ചത്. ചിലപ്പോള്‍ മാത്രമാണ് ഞാന്‍ വെപ്പുകൈ ഉപയോഗിക്കുന്നത്.'' ഷഹോളി വ്യക്തമാക്കി






