റിയാദ്: അമേരിക്ക ഉണ്ടാകുന്നതിന് മുപ്പതിലേറെ വര്‍ഷം മുന്‍പ് നിലവില്‍ വന്ന രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി കിരീടാവകാശി മുഹമ്മദേ ബിന്‍ സല്മാന് രാജകുമാരന്. യുഎസിന്റെ സഹായമില്ലെങ്കില് സൗദി രാജാവ് രണ്ടാഴ്ച്ചയില്‍ കൂടുതല്‍ ഭരണത്തിലുണ്ടാകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയായാണ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രതികരണം. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്ഗ്ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയുടെ സംരക്ഷണത്തിന് അമേരിക്കയ്ക്ക് പണം നല്‍കില്ലെന്ന് രാജകുമാരന് വ്യക്തമാക്കി. അമേരിക്ക ആയുദ്ധങ്ങള് നല്‍കുന്നത് സൗജന്യമായല്ല. അമേരിക്കയ്ക്കു പകരം ഭൂരിഭാഗം ആയുധങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങുന്നതിന് സൗദി തീരുമാനിച്ചിരുന്നു. എന്നാല്‍, ട്രംപ് അധികാരത്തിലെത്തിയതോടെ ഈ തന്ത്രം മാറ്റുകയായിരുന്നു. അറുപതു ശതമാനം ആയുധങ്ങളും അമേരിക്കയില്‍ നിന്നാണ് സൗദി അറേബ്യ വാങ്ങുന്നത്. നാല്പതിനായിരം കോടി ഡോളറിന്റെ ഇടപാടുകളാണിത്.
ആയുധങ്ങളില്‍ ഒരു ഭാഗം സൗദിയില്‍ നിര്‍മിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അമേരിക്കയിലും സൗദിയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സൗദി-അമേരിക്കന്‍ ബന്ധം നിലവില്‍ വന്നതു മുതല്‍ അമേരിക്കയില്‍ നിന്ന് എല്ലാ വസ്തുക്കളും പണം കൊടുത്ത് വാങ്ങുകയാണ് തങ്ങള്‍ ചെയ്യുന്നത്. ബരാക് ഒബാമ ഭരണകാലത്ത് മേഖലയില്‍ സൗദി അജണ്ടക്ക് എതിരായാണ് അമേരിക്ക പ്രവര്‍ത്തിച്ചത്-മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വ്യക്തമാക്കി.
രാജ്യത്ത് 2030 വരെ അധിക നികുതി ഏര്‍പ്പെടുത്തില്ലെന്നും രാജകുമാരന് വ്യക്തമാക്കി. വിഷന്‍ 2030 വലിയ ശ്രദ്ധയാണ് നല്‍കുന്നത്. സ്വദേശിവത്കരണത്തിലൂടെ 11 വര്‍ഷത്തിനുള്ളില്‍ സൗദിയിലെ തൊഴിലില്ലായ്മ്മ ഏഴ് ശതമാനമായി കുറയുമെന്നും അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി.






