
ഹനോയ്: വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. ആകെ 36 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 21 പേരെ രക്ഷപെടുത്തി. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട്, ശക്തമായ കാറ്റിലും ആഞ്ഞടിച്ച തിരമാലകളിലും പെട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും വെള്ളത്തിൽ വീണു.
ഏതാനും മണിക്കൂറുകൾക്ക് മുൻപ് വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞതായി ദൗർഭാഗ്യകരമായ വാർത്ത ലഭിച്ചിരിക്കുന്നു എന്ന് ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി വിയറ്റ്നാമിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും എംബസിയുടെയും നേതൃത്വത്തിൽ അടിയന്തര ഹെൽപ്പ് ലൈൻ (കൺട്രോൾ റൂം) നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറൽ ഓഫീസ്: +84 36 281 7930 +84 91 552 37 14 +84 33 452 0414 ഹനോയിയിലെ കൺട്രോൾ റൂം:+84 91 308 9165






