
മുംബൈ: മഹാരാഷ്ട്ര സംസ്ഥാനത്തെ വനിതാ ജയിലുകളിലെ അന്തേവാസികള്‍ക്ക് വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യാവുന്ന സൗകര്യങ്ങള്‍ ഒരുക്കി ചരിത്രപരമായ തീരുമാനവുമായി സര്‍ക്കാര്‍. തടവുകാര്‍ക്ക് വിട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നത് പോലെ തന്നെ ഇവര്‍ക്ക് വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യാനും കഴിയും.
ജയില്‍ അധികൃതര്‍ നിശ്ചയിക്കുന്ന ദിവസം അഞ്ച് മിനിറ്റു നേരത്തേക്ക് വനിതാ തടവുകാര്‍ക്ക് വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യാം. ഇതിന് അഞ്ച് രൂപയാണ് കോള്‍ ചാര്‍ജ്ജ്. വീട്ടിലേക്ക് മാത്രമേ വിളിക്കാനാകൂ. എന്തെല്ലാമാണ് സംസാരിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ഡ്യൂട്ടിയില്‍ പോലീസുകാരും കൂടെ ഉണ്ടാകും. നേരത്തേ തടവുകാര്‍ക്കായി കോയില്‍ ബൂത്ത് ഉപയോഗിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പുരോഗമനപരമായ തീരുമാനം തടവുകാര്‍ക്ക് വേണ്ടിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ യോര്വാഡ സെന്‍ട്രല്‍ ജയിലില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകാതെ സംസ്ഥാനമാകെയുള്ള വനിതാജയിലുകളിലും തുറന്ന ജയിലുകളിലും സൗകര്യമൊരുക്കാനാണ് തീരുമാനം.
ഇതിന് പുറമെ വിചാരണ പൂര്‍ത്തിയാകാത്ത തടവുകാര്‍ക്ക് കോടതി നടപടികള്‍ നേരിടാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പും ആലോചിക്കുന്നുണ്ട്.






