
ചേര്‍ത്തല: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും സമരം നടത്തുന്ന ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികളെയും വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുഖ്യമന്ത്രിയുടെത് തുറന്ന സമീപമാനണ്. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയ്ക്ക് മന്ത്രി കുടുംബം പോകാതിരുന്നത് ശരിയായില്ല.
ദേവസ്വം ബോര്ഡ്് പ്രസിഡന്റ് എ.പത്മകുമാറിന് നിലപാടും നിലവാരവുമില്ല. അദ്ദേഹം ഒരു നിലപാടിലും ഉറച്ചുനില്‍ക്കുന്നില്ല. ആദ്ധ്യാത്മിക ഭൗതിക വാദം നടത്തേണ്ട സ്ഥലമല്ല ക്ഷേത്രമെന്ന് പറയുന്നു. റിവ്യൂ ഹര്‍ജി കൊടുക്കണമെന്നും കൊടുക്കേണ്ട എന്നും പറയുന്നു. തന്റെ കുടുംബത്തില്‍ നിന്നും ആരും പോകില്ലെന്ന് പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ എല്ലാം പ്രക്ഷോഭക്കാര്‍ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണം. ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല എന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധം സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഓരോ മഞ്ഞപ്പൂക്കല്‍ സമ്മാനിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കുതികാല് വെട്ടി എന്ന് വിളിക്കേണ്ടിവരുന്നതില്‍ ദുഃഖമുണ്ട്. സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ചര്‍ച്ച ചെയ്യാന്‍ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുറന്ന സമീപനമാണ് അദ്ദേഹത്തിന്റെത്.
സമരം ചെയ്യുന്നവര്‍ ആരെയൊക്കെ വിളിച്ച് ആലോചിച്ചു?. തമ്പ്രാക്കള്‍ ആഹ്വാനം ചെയ്യുന്ന സമരം അടിയാളന്മാര് അനുസരിക്കണമെന്നാണ് അവര്‍ പറയുന്നത് . അടുത്ത വിമോചന സമരം നടത്താമെന്നാണോ ഇവര്‍ കരുതുന്നത്. ദേവസ്വം ബോര്‍ഡിലെ 96% സവര്‍ണ ഹിന്ദുക്കളൂടെ കയ്യിലാണ്. അവരുടെ തീരുമാനങ്ങള്‍ അനുസരിക്കാനാണ് നാലു ശതമാനം വരുന്ന പട്ടികജാതിക്കാര്‍ക്കും പിന്നോക്കകാര്‍ക്കും വിധി.
ശബരിമലയില്‍ സ്ത്രീപ്രവേശനം എന്നു മുതലാണ് ഇല്ലാതായത്. 1991ലെ വിധിയെ കുറിച്ചുള്ള വാര്‍ത്തകളും സ്ത്രീകള്‍ പ്രവേശിക്കുന്നതിന്റെ ചിത്രങ്ങളുമൊക്കെ പത്രങ്ങളില്‍ വന്നിരുന്നു. അന്ന് നിയമം വന്നപ്പോള്‍ അത് പാലിച്ചു. ഇപ്പോള്‍ നിയമം പാലിക്കണം. അതിന്റെ പേരില്‍ ഇവിടെ കലാപം സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. ശബരിമലയില്‍ മകരവിളക്ക് തെളിച്ചുകൊണ്ടിരുന്ന ആദിവാസികളില്‍ നിന്ന് ആ അവകാശം തട്ടിയെടുത്തില്ലെ?. അതിനെതിരെ ആരും കേസ് കൊടുത്തില്ലല്ലോ?
ശബരിമലയില്‍ ബി.ജെ.പിയുടേത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ട് ലക്ഷ്യമിട്ടുള്ള പ്രതിഷേധമാണിത്.കോണ്‍ഗ്രസിനും രാക്ഷട്രീയ ലക്ഷ്യമാണ്. തെരുവിലിറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല. അത് തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടാകണം. എസ്.എന്‍.ഡി.പി യോഗം സമരമുഖത്തില്ല. ഈ നില തുടര്‍ന്നാല്‍ എസ്.എന്‍.ഡി.പി യോഗം സമാനചിന്തഗതിക്കാരായ ആളുകളെയും സംഘടനകളെയും വിളിച്ചുകൂട്ടി സമരം നടത്തും. സര്‍ക്കാരിനെ അനുകൂലിച്ചല്ല, സത്യത്തിനു വേണ്ടിയായിരിക്കും സമരം. നിഴലിനെതിരെ യുദ്ധം ചെയ്യുന്നപോലെയാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിധി നിര്‍ഭാഗ്യകരമാണ്. കര്‍മ്മം കൊണ്ടാണ് വിധിയെ മറികടക്കേണ്ടത്. നാടിനെ ഭ്രാന്താലയമാക്കാനുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.






