കൊച്ചി : ശബരിമലയില്‍ സ്ത്രീകളെ പൂജാരിയാക്കണമെന്ന നിലപാടുമായി ഗോത്രമഹാസഭ നേതാവ് സി കെ ജാനു. ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല അവിടെ സ്ത്രീകളെ ശാന്തിയാക്കണമെന്നാണ് ആദിവാസികളുടെ നിലപാട്. സുപ്രീം കോടതി വിധി ഗോത്ര മഹാസഭ അംഗീകരിക്കുന്നു. എന്നാല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ജാനു വ്യക്തമാക്കി.
ശബരിമല ആദിവാസികളുടെ അനുഷ്ടാന കേന്ദ്രമാണ് പന്തളം കൊട്ടാരം ശബരിമല കൈയടക്കിവച്ചിട്ട് വര്‍ഷങ്ങളായി. ആദിവാസികളുടെ ആരാധനയില്‍ സ്ത്രീക്കും പുരുഷനും വിവേചനമില്ല. അനുഷ്ടനങ്ങളില്നിന്ന് സ്ത്രീകളെ ഒഴിച്ചുനിര്ത്തുന്നില്ലെന്നും ജാനു വ്യക്തമാക്കി.
വനാവകാശപ്രകാരം ശബരിമല ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്, അത് ആദിവാസികള്‍ക്കു വിട്ടുനല്‍കി പട്ടിക വര്‍ഗ്ഗ പ്രദേശമായി പ്രഖ്യാപിച്ചാല്‍ ആദിവാസി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ആദിവാസി ഗ്രാമസഭക്കായിരിക്കുമെന്നും ജാനു കുട്ടിച്ചേര്‍ത്തു.






