തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. പത്രസമ്മേളനത്തിലെ വിശദീകരണത്തിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ ഭയപ്പെടരുതെന്നും പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ.
ഡബ്ല്യുസിസി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവകരമാണെന്നും സര്‍ക്കാര്‍ ഇരയ്ക്കൊപ്പം ആണ് നില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ഉണ്ടായ മീടൂ വെളിപ്പെടുത്തലിനു പിന്നാലെയാണ് മന്ത്രി ഈ കാര്യത്തോട് പ്രതികരിച്ചത്.
മോഹന്‍ലാല്‍ നേതൃത്വം കൊടുക്കുന്ന അമ്മ പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടുകൂടി ഡബ്ല്യുസിസിയുടെ ആശങ്ക പരിഹരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു അപ്രായോഗികവും തെറ്റിദ്ധാരണാജനകവുമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അമ്മയുടെ ഭാഗത്തുനിന്ന് ക്ലിയര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ല. ഇത് അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നമല്ല. പ്രശ്നവുമായി ആരെങ്കിലും സര്‍ക്കാരിനെ സമീപിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് എ.കെ ബാലന് പ്രതികരിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അസഭ്യം പറയുന്നതിനെതിരെല നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നത് അവര്‍ പരിശോധിക്കട്ടെ. എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ ഫേസ്ബുക്കിലിട്ട് പൊതുസമൂഹത്തില്‍ ആളുകളെ അപമാനിക്കുന്ന സമ്പ്രദായത്തോട് ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനോട് യോജിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.






