
ആഭാസം സിനിമയുടെ ചിത്രീകരണത്തിനിടെ അലന്‍സിയറില്‍ നിന്നും ഏഴു തവണയോളം ദുരനുഭവം ഉണ്ടായെന്ന് നടനെതിരേ ആരോപണവുമായി രംഗത്ത് വന്ന ദിവ്യാഗോപിനാഥ്. തന്റെ നാലാമത്തെ സിനിമയാണ് ആഭാസമെങ്കിലും അലന്‍സിയറിനൊപ്പമുള്ള ആദ്യത്തേയും അവസാനത്തേയും സിനിമ കൂടിയായിരിക്കുമെന്നും നടി പറയുന്നു. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ഗുരുതരമായ ആരോപണമാണ് അലന്‍സിയറിനെതിരേ നടി നടത്തിയിരിക്കുന്നത്.
ഷൂട്ടിങ്ങിനിടയില്‍ ലൈംഗികചുവയോടെ സംസാരിക്കുകയും അസ്വസ്ഥത ഉളവാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നയാളാണ് അലന്‍സിയറെന്നും ഒരിക്കല്‍ നടിയുടെ മുറിയില്‍ അനുവാദമില്ലാതെ കയറുകയും ബെഡ്ഡില്‍ കിടക്കാന്‍ ശ്രമിക്കുകയും ചെയ്തതായും നടി പറയുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ജോലി കഴിഞ്ഞ് പുലര്‍ച്ചെയോടെയാണ് മുറിയില്‍ വന്നു കിടന്നത്. സഹപ്രവര്‍ത്തകയും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ വാതിലില്‍ അലന്‍സിയര്‍ വന്നു മുട്ടി. വാതില്‍ തുറന്ന് അവര്‍ എന്തോ പറഞ്ഞ ശേഷം ഉറക്കം പോയെന്ന് പറഞ്ഞ് അവര്‍ ബാത്ത്റൂമിലേക്ക് കയറി.
വാതില്‍ അടച്ച് കുറ്റിയിടാതെ സഹപ്രവര്‍ത്തക ഫ്രഷ് ആകാന്‍ പോയ സമയത്ത് അലന്‍സിയര്‍ മുറിയില്‍ കയറി ഉറക്കത്തിനിടയില്‍ അസ്വാഭാവികത തോന്നി കണ്ണു തുറന്നപ്പോള്‍ അയാള്‍ ബെഡ്ഡില്‍ കിടക്കുന്നത് കണ്ടെന്നും ബഹളം വെച്ചപ്പോള്‍ തമാശ കാട്ടിയതാണെന്ന് പറഞ്ഞ് അലന്‍സിയര്‍ ഇറങ്ങിപ്പോയെന്നും നടി പറയുന്നു. മറ്റൊരു സെറ്റില്‍ പോയി പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറഞ്ഞത് കേള്‍ക്കാനിടയായെന്നും ആഭാസം സിനിമയിലെ പെണ്‍കുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടന്നതിന് താന്‍ അയാളെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞതായും നടി വെളിപ്പെടുത്തുന്നു. ഒരിക്കല്‍ സഹതാരത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ മറ്റൊരു പ്രമുഖ താരം സ്ത്രീകളോട് പെരുമാറുന്നത് വിവരിച്ചുകൊണ്ട് തന്റെ മാറിലേക്ക് ചൂഴ്ന്നു നോക്കിയെന്നും യുവതി ആരോപിക്കുന്നുണ്ട്.
അലന്‍സിയറെ കാണുന്നതു വരെ അയാളെക്കുറിച്ചു ഉണ്ടായിരുന്ന ആദരവ് നേരിട്ട് പരിചയപ്പെട്ടപ്പോള്‍ ഇല്ലാതായെന്നും തന്റെ ലൈംഗിക വൈകൃതങ്ങളെ മറച്ചു പിടിക്കുന്നതിനുള്ള മുഖംമൂടിയാണ് അയാളുടെ പുരോഗമന ചിന്തകളെന്നു മനസിലായതായും നടി പറയുന്നുണ്ട്. അതേസമയം നടിയുടെ ആരോപണം തള്ളിയില്ലെങ്കിലും പറഞ്ഞതില്‍ പകുതി കള്ളമാണെന്ന് അലന്‍സിയര്‍ പറഞ്ഞു.
നടിയുടെ മുറിയില്‍ കയറിയത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും അത് സെക്സിന് വേണ്ടി ആയിരുന്നില്ലെന്നും മോശം പെരുമാറ്റത്തിന് ദിവ്യയോട് മാപ്പു പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണെന്നും അലന്‍സിയര്‍ പറഞ്ഞു. ഈ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ പലപ്പോഴും മദ്യലഹരിയില്‍ ആയിരുന്നു. എല്ലാവരും ഒരുമിച്ച് ഇരുന്ന വേളയില്‍ അശ്ളീല തമാശകള്‍ ഞാന്‍ പറയുകയും മറ്റുള്ളവര്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്നും പക്ഷേ ദിവ്യയോട് നേരിട്ട് അക്കാര്യം പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
ആഭാസത്തിന്റെ സെറ്റില്‍ സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും മദ്യപിച്ചിട്ടുണ്ട്. രസകരമായ സെറ്റായിരുന്നു ആഭാസത്തിന്റേത്. എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു. ദിവ്യയും എന്റെ മുറിയില്‍ വന്നിട്ടുണ്ട്, കട്ടിലില്‍ കിടന്നിട്ടുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പേരിലായിരുന്നു. ദിവ്യ ആരോപിക്കുന്നതുപോലെ മദ്യപിച്ച് വാതില്ചവിട്ടിപൊളിക്കാന് ഞാന്‍ പോയിട്ടില്ല.
അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെ വിളിച്ചുകൊണ്ട് പോയി എന്നുള്ള ആരോപണം ശരിയല്ല. പിന്നീട് ഞാന്‍ അവരുടെ സുഹൃത്തിനോട് അല്‍പ്പം അതിര് വിട്ടുപോയി എന്ന് തുറന്നുപറഞ്ഞിരുന്നതാണ്. ദിവ്യയോട് നേരിട്ടും മാപ്പ് പറഞ്ഞ് ഈ പ്രശ്നം അവസാനിപ്പിച്ചതാണ്. സിനിമയുടെ പ്രമോഷന് കണ്ടപ്പോഴൊക്കെ സൗഹൃദപരമായ സമീപനമാണ് ദിവ്യ കാണിച്ചത്. മീ ടൂ എന്ന ക്യാംപെയിന് നല്ലതാണ്, പക്ഷെ അതൊരാളുടെ കുടുംബം തകര്‍ക്കുന്നതാകരുതെന്നും അലന്‍സിയര്‍ പറയുന്നു.






