
സന്നിധാനം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ അക്രമം അഴിച്ചുവിട്ടിട്ട് അത് അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി. പുണ്യഭൂമിയായ സന്നിധാനത്ത് ഉള്‍പ്പെടെ വ്യാപകമായ അക്രമം നടത്താന്‍ ആര്‍എസ്എസിനും സംഘത്തിനും ആരാണ് അനുമതി കൊടുത്തിരിക്കുന്നതെന്ന് കടകംപള്ളി തുറന്നടിച്ചു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
ആര്‍എസിഎസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്. ശബരിമലയിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ ബിജെപി തയാറാകണം. പുന:പരിശോധനാ ഹര്‍ജിക്കുള്ള നിയമോപദേശം ദേവസ്വം ബോര്‍ഡ് തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുമ്പ് ശബരിമിയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം ഉണ്ടായി. ലാത്തിച്ചാര്‍ജിനിടെ പോലീസിനു നേര്‍ക്കു കല്ലേറുണ്ടാകുകയും പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.






