
ജലന്ധര്‍: ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ഹൃദയസംബന്ധിയായ അസുഖം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വഭാവികത കാണുന്നില്ലെന്നും ജലന്ധര്‍ രൂപതാ ചാന്‍സലര്‍ ഫാ.ജോസ് സെബാസ്റ്റിയന്. ഛര്‍ദ്ദിച്ച നിലയിലാണ് അദ്ദേഹത്തെ രാവിലെ കണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികനെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറ ജലന്ധറിനടുത്ത് ദസ്വയിലെ ചാപ്പലിലാണ് താമസിച്ചിരുന്നത്. രാവിലെ വൈദികന് മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ എത്തി ഏറെ തവണ വിളിച്ചു. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോളാണ് മരിച്ച നിലയില്‍ ഫാ കുര്യാക്കോസ് കാട്ടുതറയെ കണ്ടെത്തിയത്. മൃതദേഹം ദസ്വ ആശുപത്രിയിലേയ്ക്ക് മാറ്റി.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീ നല്കിയ ബലാത്സംഗപരാതിയില്‍ പോലീസിന് ഫാ.കുര്യാക്കോസ് സാക്ഷിമൊഴിയും നല്‍കിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാര്‍പാപ്പയ്ക്കും പരാതി നല്കിയവരില് ഫാദര്‍ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോള്‍ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു.
ജലന്ധറിലെ ഭോഗ്പൂര് പള്ളിവികാരിയായിരുന്ന ഫാ.കുര്യാക്കോസിനെ ജലന്ധറില്‍ത്തന്നെയുള്ള ദസ്വയിലെ പള്ളിയിലേയ്ക്കാണ് മാറ്റിയത്. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദര്‍ കുര്യാക്കോസ് തനിയ്ക്ക് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും തുറന്ന് പ്രതികരിച്ചിരുന്നു.






