
കൊച്ചി: സീറോ മലബാര്‍ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയ എറണാകുളം-അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ഇടനിലക്കാര്‍ വഴി അതിരൂപത വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇടനിലക്കാരന് സാജു വര്‍ഗീസിന്റെ ആഡംബര വീടും മറ്റ് ആസ്തികളും കണ്ടുകെട്ടി. സാജു വര്‍ഗീസില്‍ നിന്ന് ഭൂമി വാങ്ങിയ വി.കെ ഗ്രൂപ്പിന്റെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. വെട്ടിച്ച നികുതിപ്പണം തിരിച്ചടച്ചാല്‍ ഈ ആസ്തികള്‍ വീണ്ടെടുക്കാം.
ഇടനിലക്കാരില്‍ പിടിവീണതോടെ സഭാനേതൃത്വത്തിലേക്കും പിടിവീഴുമെന്ന് വ്യക്തമായി. കര്‍ദ്ദിനാളിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ആദായ നികുതി വകുപ്പില്‍ നിന്ന് പുറത്തുവരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ആറു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗീസും വി.കെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടി രൂപയുടെ കണക്ക് മറച്ചുവെച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് 10 കോടി രൂപയുടെ നികുതി നടത്തിയെന്നും കണ്ടെത്തിയിരുന്നു. വി.കെ ഗ്രൂപ്പ് ഉടമകളുടെ 10 ഓളം ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്. സഭയുടെ കാക്കനാട്ടെ ഭൂമി വിറ്റ ഇടനിലക്കാരനാണ് സാജു വര്‍ഗീസ്. ഇയാളുടെ വാഴക്കാലയിലെ 4000 സ്ക്വയര്‍ ഫീറ്റില്‍ അധികം വിസ്തൃതിയുള്ള ആഡംബര വീടിന് 4.16 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.
സഭയുടെ ഇടപാടില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നതായി ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പ് ഇടനിലക്കാരുടെ എല്ലാം വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് വൈദിക സമിതിയും ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച സമിതിയും കണ്ടെത്തിയിരുന്നു. ബിഷപ്പുമാരുടെ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സഭയില്‍ രഹസ്യമായി അവതരിപ്പിച്ചിരുന്നു. ഇടപാട് വിവാദത്തിലായതോടെ കര്‍ദ്ദിനാളിനെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് അധികാരത്തില്‍ നിന്ന് നീക്കിയ വത്തിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ചുമതല ഏല്പിക്കുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തും വത്തിക്കാന്‍ നിര്‍ദേശപ്രകാരം പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിലുടെ സഭയ്ക്ക് ഉണ്ടായിരിക്കുന്ന 100 കോടിയോളം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭൂമി വില്പന അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അതുപ്രകാരം അതിരൂപതയുടെ കൈവശം തൃക്കാക്കരയിലുള്ള 12 ഏക്കര്‍ ഭൂമി വ്യവസായിക്ക് വിറ്റ് കടംവീട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. 70 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നാണ് വിവരം. 90 ലക്ഷത്തോളം രൂപയാണ് മാസം അതിരൂപത ബാങ്കില്‍ പലിശയായി അടയ്ക്കുന്നത്.






