
വഡോദര: ലോകത്തെ ഏറ്റവും വലിയ പ്രതിമയായി ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണ കേവാഡിയാ കോളനിയില്‍ അനാഛാദനം ചെയ്യുമ്പോള്‍ 60 കിലോമീറ്റര്‍ അകലെ സംഖേഡയിലെ കരിമ്പ് കര്‍ഷകര്‍ നര്‍മ്മദയില്‍ ചാടി മരിക്കാന്‍ തയ്യാറെടുക്കുകയാണ്. രാജ്യത്തെ ആദ്യ ആഭ്യന്തരമന്ത്രിയുടെ പേരിലുള്ള സഹകരണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചസാരമില്ല് കടംകേറി 10 വര്‍ഷം മുമ്പ് നിര്‍ത്തിയതിനെ തുടര്‍ന്ന് കുടിശ്ശികത്തുക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ് കര്‍ഷകര്‍.
ഫാക്ടറി കര്‍ഷകര്‍ക്ക് പലര്‍ക്കുമായി നല്കാനുള്ളത 12 കോടി രൂപയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പരാതിയുമായി കയറിയിറങ്ങിയിട്ടും കോടതിയെ സമീപിച്ചിട്ടും ഒന്നും നടക്കാതായാതോടെ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിമ പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ ഈ മില്ലിലേക്ക് 2.62 ലക്ഷം ടണ്‍ കരിമ്പുകള്‍ നല്‍കിയിരുന്ന ഛോട്ടാ ഉദയ്പൂര്‍, പഞ്ച് മഹല്‍, വഡോദര, നര്‍മ്മദാ എന്നിങ്ങനെ നാലു ജില്ലകളിലെ 1,500 കര്‍ഷകര്‍ പ്രതിഷേധത്തിനിറങ്ങും.
സംഖേഡയിലെ സര്‍ദാര്‍ പട്ടേല്‍ അനുസ്മരണമായിരുന്ന പഞ്ചസാര മില്ലിന് ചുറ്റും ഇപ്പോള്‍ കൂറ്റന്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുകയാണ്. സര്‍ക്കാരിന് അനേകം പരാതികള്‍ സമര്‍പ്പിച്ച കര്‍ഷകര്‍ പ്രധാനമന്ത്രി വരുമ്പോള്‍ പ്രതിഷേധവുമായി എത്താനുള്ള നീക്കത്തിലാണ്. 182 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും വലിയ പ്രതിമ പ്രധാനമന്ത്രി തുറക്കുമ്പോള്‍ കേവാഡിയാ കോളനിയില്‍ തങ്ങള്‍ മുങ്ങിമരിക്കുമെന്നാണ് ഇവരുടെ ഭീഷണി. സര്‍ക്കാര്‍ അവഗണനയില്‍ ദുരിതം അഭിമുഖീകരിക്കുമ്പോള്‍ പുതിയ പ്രതിമ തങ്ങളെ സംബന്ധിച്ച് ഒന്നുമല്ലെന്നും തങ്ങള്‍ ഫാക്ടറിയില്‍ തങ്ങളുടെ ഏകതാപ്രതിമ സര്‍ദാര്‍ പട്ടേലിനു സമര്‍പ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ 11 വര്‍ഷങ്ങളായി കഠിന പോരാട്ടത്തിലാണെന്ന് 389.73 ടണ്‍ കരിമ്പ് മില്ലിന് നല്കിയ 2.18 ലക്ഷം കിട്ടാനുള്ള ഒരാള്‍ പറയുന്നു. 2008 മുതല്‍ നടന്ന അഴിമതിയും നടപടി ദൂഷ്യങ്ങളുമാണ് മില്ല് പൂട്ടിപ്പോകാന്‍ കാരണമായതെന്നാണ് ഛോട്ടാ ഉദേപൂര്‍ കളക്ടര്‍ പറയുന്നത്. കോപ്പറേറ്റീവ് ബോര്‍ഡില്‍ നാമനിര്മദശം ചെയ്ത അംഗങ്ങള്‍ ഫണ്ടില്‍ കാണിച്ച തിരിമറികളെ കുറിച്ച് ഓഡിറ്റ് നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാത്തതാണ് മില്ല അടഞ്ഞു കിടക്കാന്‍ കാരണമെന്നും മില്ലിന്റെ 10 കോടി കടം കണ്ടെത്താന്‍ ലേലം നടന്നിട്ടുണ്ടെന്നും സീതാറാം ഷുഗര്‍ എന്ന കമ്പനി 2011 ല്‍ 36 കോടിക്ക് വാങ്ങിയെന്നും പറഞ്ഞു.
പഞ്ചസാര മില്ല് നടത്തിയിരുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന 15 അംഗ സഹകരണ ബോര്‍ഡ് ആയിരുന്നു. 2008 നും 2011 നും ഇടയില്‍ മില്ല് ലേലം നടന്നിരുന്നു. ലേലം നടക്കുന്നതിന് മുമ്പ് പല നിവേദനങ്ങളും കളക്ടര്‍ക്കും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കര്‍ഷകര്‍ സമര്‍പ്പിച്ചിരുന്നു. ഒന്നും നടക്കാതെ വന്നപ്പോള്‍ കര്‍ഷകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടായിരുന്നു ലേലം നടത്തിയത്. അതേസമയം ഫാക്ടറി ഒരു സ്വപ്ന പദ്ധതിയായിരുന്നെന്നും ബിസിനസ് ആദ്യം നല്ലരീതിയിലാണ് നടന്നിരുന്നതെങ്കിലൂം ചില തീരുമാനങ്ങള്‍ തിരിച്ചടിയായി മാറിയെന്നും അന്നുമുതല്‍ പ്രശ്നങ്ങളാണെന്നുമാണ് സ്ഥലത്തെ ബിജെപിക്കാര്‍ പറയുന്നത്.






