
പത്തൊന്‍പതുകാരിയായ അമ്മ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. അരിസോണയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള എളുപ്പവഴികള്‍ ഇവര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. വെറും ഒരു മാസം പ്രായമായ മകന്റെ കരച്ചില് അസഹ്യമായതിനെത്തുടര്‍ന്നാണ് ഇവര്‍ കുഞ്ഞിനെ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്. അവസാനം ഇവര്‍ സ്വന്തം കുഞ്ഞിനെ ബാത്ത്ടബ്ബില്‍ മുക്കിയാണ് കൊലപ്പെടുത്തിയത്.
കുഞ്ഞിനെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ കാണാനില്ലെന്ന് പരാതി പൊലീസിന് നല്കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബാഗിലാക്കിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് വീണ്ടും ജെന്നയെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തുമ്പോള്‍ ജെന്നയുടെ ഭര്‍ത്താവ് എറിക് വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞ് എപ്പോഴും കരയുന്നത് ശല്യമായതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ ജെന്ന ഫോള്‍വെല്‍ പൊലീസിനോട് പറഞ്ഞു.
മകന്റെ കരച്ചില് അസഹ്യമായതോടെ ജെന്ന അവനെ ഇല്ലാതാക്കാന്‍ വേണ്ടി ഗൂഗിളില്‍ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു തുടങ്ങി. 'കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍', 'ഒരു കുഞ്ഞിനെ കൊല്ലാനുള്ള എളുപ്പവഴികള്‍' തുടങ്ങി ധാരാളം തിരച്ചിലുകള്‍ നടത്തി. ജെന്നയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഇതു സംബന്ധിച്ച് തെളിവുകളും പൊലീസ് കണ്ടെത്തി. ഈയൊരു കൊടുംപാതകത്തിന് ജെന്നയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഭര്‍ത്താവ് എറിക് അറിയിച്ചു. അതേസമയം, ജെന്നയുടെ മാനസികനില പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.






