
പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് മകള്‍. ആറ്റിങ്ങല്‍ ഊരൂപ്പൊയ്ക പൂക്കുളത്ത് സരിഗ ജ്യോതിയാണ് ഈ മകള്‍. സരിഗയുടെ അച്ഛന് ജ്യോതികുമാര്‍ ഡ്രൈവറാണ്. തനിക്ക് ഒരു മകന് ആയിരുന്നെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ഇന്‍സ്പെക്ടര്‍ ആക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ അച്ഛന്റെ ആഗ്രഹം നേടിയെടുത്തിരിക്കുകയാണ് സരിഗ.
പുതിയ 176 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ബാച്ചിലെ ഏക പെണ്‍തരിയാണ് സരിഗ ജ്യോതി. നേരിട്ട് നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ വനിത അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയാണ് സരിഗ. ഒരു മകന് ആയിരുന്നെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ഇന്‍സ്പെക്ടര്‍ ആക്കാമായിരുന്നെന്ന് അച്ഛന് എന്നും പറയുമായിരുന്നെന്ന് സരിഗ പറയുന്നു. അച്ഛന്റെ ഈ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ച സരിഗ പെണ്‍കുട്ടികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകുമോ എന്ന് അന്വേഷിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാമെന്ന് അറിഞ്ഞതോടെ ആഗ്രഹം ദൃഢമാക്കി.
തുടര്‍ന്ന് പ്ലസ്ടുവിന് ശേഷം ആറ്റിങ്ങല്‍ ഗവണ്മെന്റ് പോളിടെക്നിക്കില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയ്ക്ക് ചേര്‍ന്നു. ടു വീലര്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവയുടെ ലൈസന്‍സ് 20-ാം വയസ്സില്‍ തന്നെ സരിഗ നേടിയിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം ഹെവി ലൈസന്‍സും സ്വന്തമാക്കി. വലിയവാഹനങ്ങള്‍ അനായാസം ഓടിച്ചുതുടങ്ങിയ സരിഗ മണ്ണുമാന്തിയും, ക്രെയിനുമൊക്കെ നിയന്ത്രിക്കാനും പഠിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക്കിന് അവസാനസെമസ്റ്റര്‍ പഠനത്തിനിടെയാണ് അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ എഴുതിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ എത്തിയാണ് സരിഗ ജോലിയില്‍ പ്രവേശിച്ചത്. വനിതയെന്ന പ്രത്യേക പരിഗണന വേണ്ടെന്നും ഏത് ഓഫീസില്‍ വേണമെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. മോട്ടോര്‍വാഹനവകുപ്പില്‍ നാല് വനിതാ ഇന്‍സ്പെക്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ അവരെല്ലാം തസ്തികമാറ്റം വഴി നിയമനം നേടിയവരാണ്. സരിഗക്ക് മാത്രമാണ് നേരിട്ട് നിയമനം ലഭിച്ചത്. ഇടുക്കി സ്ക്വാഡിലേക്കാണ് ബിടെക് ബിരുദധാരിയായ സരിഗയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.






