
പത്തനംതിട്ട: ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടക്കുന്നതിനെ സംബന്ധിച്ച് കണ്ഠരര് രാജീവരര് തന്റെ നിയമോപദേശം തേടിയെന്ന് ശ്രീധരന്‍പിള്ളയുടെ വാദം പൊളിയുന്നു. നട അടക്കുന്നതിനെ സംബന്ധിച്ച് താന്‍ ആരുടെയും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തില്‍ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇത് സംബന്ധിച്ച് അഭിപ്രായം ചോദിച്ചിട്ടില്ല. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തന്ത്രി വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. 'അന്നേ ദിവസം തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തന്റെ കാള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ശ്രീധരന്‍പിള്ള താഴമണ്‍ കുടുംബത്തിലെത്തി സംസാരിച്ചിരുന്നു. എന്നാല്‍ അന്ന് നട അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല' രാജീവര് കൂട്ടിച്ചേര്‍ത്തു.
തുലാമാസ പൂജയ്ക്കിടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം താനുമായി ആലോചിച്ചാണ് തന്ത്രി സ്വീകരിച്ചതെന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി തന്ത്രി രംഗത്തെത്തിയത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവര്‍ണ്ണ അവസരമാണ്. ബി.ജെ.പി മുന്നോട്ട് വച്ച അജന്‍ഡയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ച യോഗത്തിനിടെ പറഞ്ഞ ശബ്ദ രേഖയാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്.






