
വെല്ലിംഗ്ടണ്‍: അതൊരു പാവക്കുട്ടി ആണെന്നാണ് ആദ്യം കരുതിയത്. അതിനടുത്തേക്ക് തുഴഞ്ഞ് ചെന്ന് കയ്യില്‍ പിടിച്ച് പൊക്കിയിടുക്കുമ്പോഴും അതൊരു മനുഷ്യക്കുട്ടിയാണെന്ന് തോന്നിയില്ല. കളിമണ്ണു കൊണ്ടു നിര്‍മ്മിച്ച പാവ പോലെയായിരുന്നു അതിന്റെ മുഖം. കനം കുറഞ്ഞ നീളം കുറഞ്ഞ മുടി ആകെ നനഞ്ഞിരുന്നു. എന്നാല്‍ അവന് ചെറുതായി അനങ്ങാന്‍ തുടങ്ങിയതോടെയാണ് അത് ശരിക്കും ജീവനുള്ള ഒരു കുഞ്ഞു തന്നെയാണ് എന്ന് മനസ്സിലായത്. ആഴക്കടലില്‍ നിന്നും 18 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളിയുടേതാണ് ഞെട്ടിക്കുന്ന വാക്കുകള്‍.
ഒക്ടോബര്‍ 26 നായിരുന്നു മത്സ്യബന്ധന തൊഴിലാളി കടലില്‍ തനിക്കു മുന്നിലൂടെ ഒഴുകിനടന്ന കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ദുരന്തമായി മാറുമായിരുന്ന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കുഞ്ഞിനെ 'അത്ഭുതമായിട്ടാണ് എല്ലാവരും കാണുന്നത്. ഒപ്പം അവസരോചിതമായി കുട്ടിയെ രക്ഷിച്ച മത്സ്യബന്ധന തൊഴിലാളിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയും ചെയ്യുകയാണ്. മത്സ്യബന്ധനതൊഴിലാളിയായ ഗുസ് ഹട്ട് അന്ന് പുലര്‍ച്ചെ തന്നെ മീന്‍പിടുത്തത്തിനായി ഇറങ്ങിയപ്പോഴാണ് മാതാപിതാക്കളുടെ കയ്യില്‍ നിന്നും അപ്രതീക്ഷിതമായി കടലില്‍ പെട്ട കുഞ്ഞിനെ ശ്രദ്ധയില്‍ പെട്ടത്. ന്യൂസിലന്റ് വെല്ലിംഗ്ടണിലെ വടക്കന്‍ ദ്വീപും ഉല്ലാസ കേന്ദ്രവുമായ ബേ ഓഫ് പ്ളെന്റിയിലെ മട്ടാട്ടാ ബീച്ചിലെ ഓളങ്ങളിലൂടെ മുങ്ങിയും പൊങ്ങിയും ഒഴുകി നീങ്ങുകയായിരുന്നു കുഞ്ഞ്.
മര്‍ഫി ഹോളിഡേ ക്യാമ്പില്‍ താമസിക്കുന്ന ഹട്ട് എല്ലാ ദിവസവും മീന്‍പിടിക്കാന്‍ പോകാറുണ്ട്. എന്നാല്‍ ഇത്തവണ തന്റെ പതിവ് ഇടത്തില്‍ നിന്നും 100 മീറ്റര്‍ ഇടതു മാറിയാണ് അന്ന് പോയത്. താന്‍ അതിലേ വരാതിരിക്കുകയോ മിനിറ്റുകള്‍ താമസിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ അത് ദുരന്തമായി മാറുമായിരുന്നു എന്ന് ഇയാള്‍ പറയുന്നു. കുഞ്ഞുമായി ക്യാമ്പില്‍ ഹട്ട് എത്തിയതിനെ തുടര്‍ന്ന് ഭാര്യ സൂവാണ് വിവരം ക്യാമ്പ് അധികൃതരെ അറിയിച്ചത്. അവിടെ ഒരു ദമ്പതികള്‍ക്ക് മാത്രമാണ് തീരെ ചെറിയ കുട്ടികള്‍ ഉള്ളത്.
ക്യാമ്പിന്റെ വാതില്‍ അടയ്ക്കാതെ കിടന്നതാണ് കുട്ടി പുറത്ത് പോകാനും കടലില്‍ വീഴാനും കാരണമായത്. കുട്ടിയെ വെള്ളത്തില്‍ കണ്ടെത്തിയ എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞിന്റെ മാതാവ് അലറി വിളിക്കുകയായിരുന്നു. ഇവര്‍ പിന്നീട് ഹട്ടിന് നന്ദി പറഞ്ഞു. സംഭവം ശുഭകരമായി അവസാനിച്ചെങ്കിലും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞിനെ പിന്നീട് വൈദ്യപരിശോധനയ്ക്ക് ഇരയാക്കി എങ്കിലും കാര്യമായ കുഴപ്പങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുട്ടി തലേന്ന് കടലിനോട് ആവേശം കാട്ടിയിരുന്നതായും പുലര്‍ച്ചെ തങ്ങളറിയാതെ ഇറങ്ങിപ്പോയിരിക്കാം എന്നുമാണ് മാതാവ് പറയുന്ന ന്യായീകരണം. കുട്ടി മുങ്ങിമരിക്കുന്നതിന് മിനിറ്റുകള്‍ മുമ്പ് മാത്രമാണ് ഹട്ട് അവിടെയെത്തിയതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.






