
മാഡ്രിഡ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് ക്ളബ്ബ് റയല്‍ മാഡ്രിഡിനും ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഗോള്‍മഴയോടെ ജയം. ചെക്ക് ക്ളബ്ബ് വിക്ടോറിയ പ്ളസനെ റയല്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ സിറ്റിയുടെ വിജയം റഷ്യന്‍ ക്ളബ്ബ് ഷാക്തര്‍ ഡോണസ്കിനെതിരേ എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു.
സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ യുവന്റസ് ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയം രുചിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു താരം ഉപേക്ഷിച്ച പഴയ ക്ളബ്ബ് റയല്‍ കൂറ്റന്‍ വിജയവുമായി മുമ്പോട്ടുപോയത്. ബെന്‍സേമയുടെ ഇരട്ടഗോളുകള്‍ക്ക് പുറമേ കാസിമിറോ, ബെയ്ല്, ക്രൂസ് എന്നിവര്‍ ഗോളുകള്‍ നേടി. എല്ക്ളാസ്സിക്കോയില് തകര്‍ന്ന് പരിശീലകന് മാറിയതിന് പിന്നാലെ മികവ് വീണ്ടെത്തിരിക്കുന്ന റയല്‍ പകുതി സമയത്ത് തന്നെ വിക്ടോറിയ പ്ളസനെതിരേ നാലു ഗോളിന് മുന്നില്‍ എത്തിയിരുന്നു.
തന്റെ 200 ാം ക്ളബ്ബ് ഗോള്‍ നേടിക്കൊണ്ട് ബെന്‍സേമ 20 ാം മിനിറ്റില്‍ റയലിനെ ആദ്യം മുന്നിലെത്തിച്ചു. 429 മത്സരങ്ങളില്‍ നിന്നുമാണ് ബെന്‍സേമ 200 ഗോളുകള്‍ നേടിയത്. ഇതോടെ ക്ളബ്ബിനായി വിവിധ മത്സരങ്ങളില്‍ 200 ഗോളുകള്‍ നേടുന്ന ഏഴാമത്തെ താരമായിട്ടാണ് ബെന്‍സേമ മാറിയത്. ലൊപ്പെറ്റെഗ്യൂയിയ്ക്ക് കീഴിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം സാന്റിയാഗോ സൊളാരിക്ക് കീഴില്‍ മികവ് നേടുകയാണ് റയല്‍. കഴിഞ്ഞമാസം പുതിയ പരിശീലകനായി സൊളാരി ചുമതലയേറ്റ ശേഷം റയല്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇത്്. ഒരു ഗോള്‍ പോലും വഴങ്ങാതെ 11 ഗോളുകളാണ് റയല്‍ എതിരാളികളുടെ വലയില്‍ എത്തിച്ചത്. അടുത്തമത്സരത്തില്‍ ഇറ്റാലിയന്‍ ക്ളബ്ബ് റോമയോട് സമനില വഴങ്ങിയാല്‍ പോലും റയല്‍ നോക്കൗട്ട് ഘട്ടത്തില്‍ എത്തും.
അയല്‍ക്കാരായ യുണൈറ്റഡ് എവേ മാച്ചില്‍ ഇറ്റാലിയന്‍ ക്ളബ്ബ് യുവന്റസിനെ 2-1 ന് വീഴ്ത്തുമ്പോള്‍ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസസിന്റെ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കൂറ്റന്‍ വിജയം നേടിക്കൊടുത്തത്. ഉക്രയിന് ക്ളബ്ബ് ഷാക്തര്‍ ഡോണ്ടെസ്ക്കിനെതിരേ സില്‍വയുടെ ഗോളില്‍ തുടങ്ങിയ സിറ്റിക്കായി സ്റ്റെര്‍ലിംഗും മെഹ്റാസുമായിരുന്നു മറ്റു ഗോളുകള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ജര്മ്മന്ക്ളബ്ബ് ബയേണും വിജയം നേടി. ലെവന്‍ഡോവ്സ്ക്കിയുടെ ഇരട്ടഗോളില്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് എഇകെ ഏതന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.





