
'' സമീപത്തെ വീട്ടില്‍നിന്നു പുറത്തുവന്ന ഡിെവെ.എസ്.പി. ആദ്യം സനലിനെ അടിച്ചു. കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനെത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായി. ഇരുവരും തമ്മില്‍ പിടിവലി നടന്നു. ഇതിനിടെ സനലിനെ ഹരികുമാര്‍ പിടിച്ചുതള്ളി. റോഡിലേക്കു വീണപ്പോള്‍ അതുവഴിവന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.'' നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടു കൊന്ന സംഭവത്തെക്കുറിച്ചു ദൃക്സാക്ഷി മാഹിന്‍ പോലീസിന് നല്കിയ മൊഴി ഇങ്ങനെയായിരുന്നു.
സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ അനേകം ശ്രമങ്ങളാണ് നടന്നിരിക്കുന്നത്. റോഡ് മുറിച്ചുകടക്കവേയുണ്ടായ അപകടത്തിലാണു സനല്‍ മരിച്ചതെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്നു സുഹൃത്ത് പ്രവീണ്‍ ആരോപിക്കുന്നു. ആശുപത്രി രേഖയില്‍ റോഡ് മുറിച്ചുകടന്നപ്പോഴുണ്ടായ അപകടമെന്ന് എഴുതാന്‍ ഡോക്ടര്‍ക്കു മേല്‍ സമ്മര്‍ദമുണ്ടായി. എന്നാല്‍, സനല്‍ തന്റെ വാഹനത്തിലേക്കു തെറിച്ചുവീഴുകയായിരുന്നെന്ന് കാര്‍ ഡ്രൈവര്‍ നിഖില്‍ പോലീസിനു മൊഴി നല്‍കിയതോടെ ഇത് പൊളിഞ്ഞു. അതിനൊപ്പം സനല്കുമാറിന്െ മെഡിക്കല്‍ കോളേജില്‍ എത്തിച്ച പോലീസുകാര്‍ ഡോക്ടര്‍മാരോട് ആദ്യം പറഞ്ഞത് ആത്മഹത്യാശ്രമം എന്നായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു ചോദിക്കാന്‍ തുടങ്ങിയതോടെ വാഹനം ഇടിച്ചതാണെന്ന് മാറ്റിപ്പറഞ്ഞതായും വിവരമുണ്ട്.
പോലീസിന് നല്കിയ മൊഴിയുടെ പേരില്‍ തന്നെ ഭീഷണിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി മാഹിന്‍ പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണു നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചേങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍കുമാര്‍ വാഹനമിടിച്ചു മരിച്ചത്. ഹരികുമാര്‍, സനലിനെ മര്‍ദിക്കുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണു കേസ്. സംഭവത്തിന് ശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. അറസ്റ്റ് െവെകിയാല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹസമരത്തിന് ഒരുങ്ങുകയാണു സനല്‍കുമാറിന്റെ ഭാര്യയും കുടുംബവും.
അന്വേഷണച്ചുമതലയില്‍നിന്ന് എസ്.പി: ആന്റണിയെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്നലെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. അതിനിടയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് ആലോചനയുണ്ട്. ഭാര്യ വിജിക്കു ജോലി നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. ഇതു സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്‍കിയതായി സൂചനയുണ്ട്. ഇന്നലെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതു സംബന്ധിച്ചു സൂചന നല്‍കിയിരുന്നു. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ കുടുംബത്തിനു നല്കുന്ന സഹായത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമെന്നു മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ-ആരോഗ്യ-വ്യവസായ വകുപ്പുകളില്‍ ഏതെങ്കിലുമൊന്നിലാകും വിജിക്കു നിയമനം നല്‍കുക. ഡിെവെ.എസ്.പി: ബി. ഹരികുമാറിന്റെ ഭാഗത്തുനിന്നുണ്ടായതു നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. സനലിന്റെ കുടുംബാംഗത്തിനു പരിരക്ഷ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്താണു ബെഹ്റയുടെ ശിപാര്‍ശ. ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്.






