
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട കൊന്ന കേസില്‍ നിലവിലെ അന്വേഷണസംഘവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി മരിച്ച സനല്‍കുമാറിന്റെ ഭാര്യ. സിബിഐ അന്വേഷണമോ കോടതിയുടെ കീഴിലുള്ള അന്വേഷണമോ ആണ് വേണ്ടത്.
കേസില്‍ ക്രൈബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെ മടങ്ങിയെന്നും ഭാര്യ മാധ്യമത്തോട് പറഞ്ഞു. അന്വേഷണോദ്യോഗസ്ഥര്‍ സനലിന്റെ കൊലപാതകത്തെ അപകടമരണമാക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിക്കുമെന്ന് ഭാര്യ വിജി വ്യക്തമാക്കി.
അതേസമയം, കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ഡീജിപിയുടെ നിര്‍ദ്ദേശം. പ്രതി പോലീസിനെ മറികടന്ന് കോടതിയില്‍ കീഴടങ്ങിയാല്‍ സേനയ്ക്ക് തന്നെ നാണക്കേടാണെന്നും അതിനാല്‍ തന്നെ ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് ഡിജിപി ലോക്നാഥ് ബഹറയുടെ നിര്‍ദ്ദേശം.
ഡിവൈഎസ്പി ഹരികുമാര്‍ കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ മൂന്നാറിന് സമീപം ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. കെ.എം ആന്റണി സ്ഥലത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹരികുമാറിന്റെ ബന്ധുവിന്റെയും സഹായിയുടേയും ഫോണുകള്‍ നിരീക്ഷണത്തിലാണ്.






