
മുന്‍ മിസ് ഇന്ത്യ നടത്തിയ മീ ടൂ ആരോപണത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദിഖിക്ക് പിന്തുണയുമായി സഹതാരം ഖബ്രാ സെയ്ത്ത്. തകര്‍ന്നുപോയ ബന്ധങ്ങളെ മീ ടൂവിന് കാരണമാക്കാന്‍ ഉപയോഗപ്പെടുത്തുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഖബ്രാ പറഞ്ഞു. നെറ്റ്ഫ്ളിക്സിന്റെ സ്കേര്‍ഡ് ഗെയിംസില്‍ സിദ്ദിഖിയുടെ സഹതാരമാണ് ഖബ്രാ.
നേരത്തേ മുന്‍ മിസ് ഇന്ത്യ നിഹാരികാ സിംഗ് ആണ് നവാസ് സിദ്ദിഖിക്കെതിരേ മീ ടൂ ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നവാസിനൊപ്പം എന്നാണ് ട്വിറ്ററിലൂടെ ഖബ്ര കുറിച്ചത്. ഒന്നര വര്‍ഷത്തോളം ഡേറ്റിംഗിലായിരുന്ന നിഹാരികയും നവാസുദ്ദീന്‍ സിദ്ദിഖിയും മിസ് ലൗവ്ലിയിലാണ് ഒരുമിച്ച് അഭിനയിച്ചത്. നടനുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഇത് പിന്നീട് ലൈംഗികചൂഷണത്തിലേയ്ക്ക് നീങ്ങിയതോടെ താന്‍ ഉപേക്ഷിച്ചതായും നിഹാരിക സിംഗിന്റെ ട്വീറ്റ് ഒരു മാധ്യമപ്രവര്‍ത്തക ഷെയര്‍ ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.
ബന്ധമുപേക്ഷിച്ച ശേഷം വീണ്ടും ശാരീരിക ബന്ധത്തിന് തയ്യാറാകാതിരുന്നപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയിലും പുറത്തും തന്നെക്കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ് നവാസുദീന്‍ സിദ്ദിഖി ചെയ്തതെന്നും സിനിമകളില്‍ അവസരം കിട്ടില്ലെന്ന് ഉറപ്പാക്കാന്‍ നവാസുദീന്‍ ശ്രമിച്ചതായും ഒക്കെയായിരുന്നു നിഹാരിക ആരോപിച്ചത്. 2013ല്‍ ബുദ്ധദേബ് ദാസ് ഗുപ്തയുടെ അന്‍വര്‍ കാ അജബ് കിസ്സ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ നവാസുദീന്‍ ക്ഷണിച്ചിരുന്നു. മൂന്ന് ദിവസം മാത്രമുള്ള ഷിമുല്ടാട്ടയിലെ ഷൂട്ടിംഗിനിടയില്‍ നവാസുദീന്‍ സെക്സിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചതായും എന്നാല്‍ സുഹൃദ് ബന്ധം മാത്രമേ തുടരാന്‍ താല്പര്യമുള്ളൂ എന്ന് അറിയിക്കുകയും ചെയ്തതായിട്ടാണ് നിഹാരി പറഞ്ഞത്.
2014ല്‍ മിസ് ലവ്ലി എന്ന ചിത്രത്തിന്റെ റിലീസിനിടെ ഞാന്‍ നവാസുദീനെ വീണ്ടും കണ്ടു. വളരെ ധാര്‍ഷ്ട്യത്തോടെയുള്ള, വളരെയധികം മോശമായ പെരുമാറ്റമായിരുന്നു. അഹമ്മദാബാദില്‍ ഒരു പ്രൊമോഷന് പരിപാടിക്കിടെ വീണ്ടും നവാസുദീന്‍ എന്നെ കടന്നുപിടിക്കാന്‍ നോക്കിയെന്നും പറയുന്നു. അതിന് ശേഷം എനിക്ക് അവസരങ്ങള്‍ കാര്യമായൊന്നും കിട്ടിയില്ലെന്നും നിഹാരിക ആരോപിക്കുന്നു. സിനിമ, മോഡലിംഗ് മേഖലകളില്‍ ലൈംഗികാതിക്രമങ്ങള്‍ സ്വാഭാവികവത്കരിക്കപ്പെടുകയും ന്യായീകരിക്കപ്പെടുകയുമാണെന്ന് നിഹാരിക ആരോപിക്കുന്നു.
അഭിനേതാക്കളുടെ ജാതി പശ്ചാത്തലവും വിവേചനത്തിന് കാരണമാകുന്നുണ്ട്. താന്‍ ഒരു ദലിത ആയത് കൂടുതല്‍ വിവേചനത്തിന് കാരണമാകുന്നുണ്ട് എന്നും പറയുന്നു. ഫെമിനിസ്റ്റുകള്‍ക്ക് സവര്‍ണ, സമ്പന്ന പശ്ചാത്തലമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമേ താല്പര്യമുള്ളൂ എന്നും നിഹാരിക വിമര്‍ശിച്ചു. നന്ദിത ദാസും കവിത കൃഷ്ണനും അടക്കമുള്ളവര്‍ ഇത്തരത്തിലാണ് പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.
2017ല്‍ An Ordinary Life എന്ന പേരില്‍ നവാസുദീന്‍ സിദ്ദിഖി ഓര്മ്മക്കുറിപ്പുകളെഴുതിയിരുന്നു. ബന്ധങ്ങളെക്കുറിച്ച് പറയുന്ന അധ്യത്തില് തന്റെ സമ്മതമില്ലാതെ താനുമായുള്ള ബന്ധത്തെക്കുറിച്ച് നവാസുദീന്‍ എഴുതിയതിനെതിരെ നിഹാരിക രംഗത്തുവന്നിരുന്നു. സംവിധായകന് അനുരാഗ് കശ്യപ് അടക്കമുള്ള നവാസുദീന്റെ സുഹൃത്തുക്കള്‍ ലൈംഗികാതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തതെന്നും നിഹാരിക ആരോപിക്കുന്നു.






