ചോദ്യം: മറ്റ് വ്യായാമ മുറകളില്‍ നിന്ന് സൂംബ വ്യത്യസ്തമാകുന്നത് എങ്ങനെ?
പ്രിയ രാജേഷ് , ചിറയിന്‍കീഴ്
ഉത്തരം: സൂംബ എന്നത് ഒരു ഡാന്‍സ് ഫിറ്റ്നെസ് പ്രോഗ്രാമാണ്. അതുകൊണ്ടു തന്നെ മറ്റ് വ്യായാമമുറകളില്‍ നിന്ന് വ്യത്യസ്തവുമാണ്. സന്തോഷം വരുമ്പോള്‍ സാധാരണ, നാം തുള്ളിച്ചാടി നൃത്തം ചെയ്യാറുണ്ട്. നൃത്തം ചെയ്യുമ്പോള്‍ മനസ് കൂടുതല്‍ സന്തോഷിക്കുന്നു. മറ്റ് വ്യായാമം കൊണ്ട് ശാരീരികമായ മാറ്റമുണ്ടാകുമ്പോ ള്‍ സൂംബ ചെയ്യുന്നതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം മാത്രമല്ല വളരെയധികം സന്തോഷവും ലഭിക്കുന്നു.
ദിവസവും ഒരുമണിക്കൂര്‍ ഒരുമിച്ച് സൂംബ ചെയ്യുന്നവര്‍ ആകാര വടിവിനേയും ആരോഗ്യത്തേയും കുറിച്ചായിരിക്കും പരസ്പരം സംസാരിക്കുന്നത്. അങ്ങനെ നല്ലൊരു സുഹൃദ് വലയവും ലഭിക്കുന്നു. നൃത്തം ചെയ്യുമ്പോള്‍ ഡോര്‍ഫിന്‍, സെറിറ്റോണിന് എന്നീ ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് ഉത്തേജിക്കപ്പെടുന്നതിനാല് യൗവ്വനം നിലനിര്‍ത്താനാകും.
വിവിധ താളത്തിലുള്ള പാട്ടുകള്‍ക്ക് പ്രായഭേദമന്യേ എല്ലാവരും ഒരുമിച്ച് ചുവടുവയ്ക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജവും സന്തോഷവും അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ചുവടുകള്‍ പ്രാക്ടീസ് ചെയ്യുന്നതിലൂടെ ശരീരത്തുള്ള അമിത കൊഴുപ്പിനെ അലിയിപ്പിച്ച് പേശികളേയും എല്ലുകളേയും ദൃഢമാക്കുന്നു. അങ്ങനെ ആകാരവടിവും ആരോഗ്യവും ലഭിക്കുന്നു. പ്രായഭേദമില്ലാതെ എല്ലാവര്ക്കും മടുപ്പില്ലാതെ അനായാസേനെ ചെയ്യാന്‍ കഴിയുന്ന നൃത്തരൂപമാണ് സൂംബ.
ഡോ. ഷൈനി ആന്റണി റൗഫ്
ദന്തിസ്റ്റ്, സൂംബ പരിശീലക






