
പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ പ്രതിയായി ഒടുവില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന് കര ഡിവൈഎസ്പി കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടു നിന്ന് സ്വയം കുറ്റവാളിയായി ഒടുവില്‍ സ്വന്തം വിധിയെഴുതി അന്ത്യം. യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ കീഴടങ്ങാനുള്ള സമ്മര്‍ദ്ദം ഏറുകയും നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനും ഇരിക്കെ ഹരികുമാറിന്റെ ആത്മഹത്യയോടെ പര്യവസാനിയായത് ഒരു ക്രിമിനല്‍ ജീവിതത്തിന്റെ അന്ത്യം. എസ്ഐ ആയിരുന്ന കാലത്ത് സത്യസന്ധന് എന്ന് പേരെടുത്ത ഹരികുമാര്‍ പിന്നീട് പടിപടിയായുള്ള കയറ്റിറക്കങ്ങളില്‍ രൂപം പ്രാപിച്ചത് കൊടും ക്രിമിനലിലേക്ക്.
രാഷ്ട്രീയക്കാരും ഗുണ്ടകളും ക്വാറി മാഫികളുമൊക്കെയായി ബന്ധം ഉണ്ടാക്കിയിരുന്ന ഹരികുമാറിനെ വില്ലനിലേക്ക് നയിച്ചത് കൊടുങ്ങാവിളയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെ പതിവ് സന്ദര്ശകനായതാണ്. പാറശ്ശാല എസ്ഐ ആയിരിക്കെ ഒരു കേസുമായി ബന്ധപ്പെട്ട് തുടങ്ങിയ കൊടുങ്ങാവിളയിലെ അടുപ്പം ഹരികുമാര്‍ നിലനിര്‍ത്തുകയായിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഈ വീട്ടില്‍ എത്തുന്നത് നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഒരിക്കല്‍ കയ്യേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്്. ഈ കാര്യത്തെ മണല്‍മാഫിയയുമായുള്ള ഏറ്റുമുട്ടല്‍ എന്നായിരുന്നു ഹരികുമാര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഹരികുമാറിന്റെ സ്റ്റേഷന് അതിര്‍ത്തിക്ക് പുറത്താണ് ഈ സ്ഥലം എന്നതിനാല്‍ പാറശ്ശാലയില്‍ നിന്നും സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് പല സ്റ്റേഷനുകളിലും കറങ്ങി വീണ്ടും നെയ്യാറ്റിന് കരയില്‍ എത്തിയത് ഡിവൈഎസ്പി ആയിട്ടായിരുന്നു. സിഐ ആയത് മുതലാണ് ഹരികുമാറിന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ തുടങ്ങുന്നത്. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രസംഗവേദിക്ക് അരികില്‍ ഗുണ്ടുകാട് സാബു എന്ന ഗുണ്ട എത്തിയതിനെ തുടര്‍ന്ന് സുരക്ഷാ വീഴ്ച ആരോപിച്ച് ഒരു വര്‍ഷത്തോളം സസ്പെന്‍ഷനും കിട്ടി.
ഒരേ സമയത്ത് വാദിയേയും പ്രതിയേയും വിരട്ടി പണം തട്ടുന്ന തന്ത്രമായിരുന്നു ഹരികുമാറിന്റേത്. ക്വാറി ഉടമകള്‍, ബാറുകാര്, റിസോര്‍ട്ട് ഉടമകള്‍, കള്ളപ്പണക്കാര്‍ എന്നിവരില്‍ നിന്നെല്ലാം പണം പിരിച്ചിരുന്നു. സഹായികയായിരുന്നു ഡിവൈഎസ്പി യ്ക്കായി പണം പിരിച്ചിരുന്നത്. വിശ്വസ്തരായ ചില എസ്ഐമാരും സിഐ മാരും വരെ പണം പിരിക്കാനുണ്ടായിരുന്നു. വെള്ളറട, മാരായു മുട്ടം, പൊഴിയൂര്‍, പാറശ്ശാല, പൂവാര്‍, നെയ്യാറ്റിന്‍കര, ബാലരാമപുരം തുടങ്ങിയ സ്റ്റേഷന് പരിധികളിലെ ക്വാറികളില്‍ നിന്നും ഹരികുമാറിന് മാസപ്പടി കിട്ടിയിരുന്നു. പണം നല്‍കാനുള്ള പട്ടിക കൊടുങ്ങാവിളയിലെ സഹായിക്കായിരുന്നു ഹരികുമാര്‍ നല്‍കിയിരുന്നത്.
മാസം 50 ലക്ഷം രൂപയായിരുന്നു ഹരികുമാറിന് പടി കിട്ടിയിരുന്നത്. ഇതില്‍ 25 ലക്ഷം നെയ്യാറ്റിന് കരിയിലെ പ്രമുഖ സിപിഎം നേതാവിനാണ് കൈമാറിയിരുന്നതെന്നും വിവരമുണ്ട്. നെയ്യാറ്റിന്‍കരയിലേക്ക് ഹരികുമാറിനെ ഡിവൈഎസ്പിയായി കൊണ്ടുവരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ സിപിഎം നേതാവായിരുന്നു. തനിക്ക് കിട്ടിയിരുന്ന പണം റിയല്‍ എസ്റ്റേറ്റ്, വട്ടിപ്പലിശ എന്നീ മേഖലകളിലാണ് ഹരികുമാര്‍ ഉപയോഗിച്ചിരുന്നത്. നെയ്യാറ്റിന് കരയില്‍ ഷോപ്പിംഗ് കോംപ്ളക്സ് പണിയാനുള്ള ആലോചനയ്ക്ക് ഇടയിലാണ്
നവംബര്‍ 5 ന് രാത്രി ഹരികുമാര്‍ കൊലക്കേസില്‍ കുടുങ്ങുന്നത്.
അന്ന് രാത്രിയും പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ ഹരികുമാറിനെ തന്റെ വാഹനത്തിന് തടസ്സമായി സുനില്‍കുമാര്‍ കാര്‍ പാര്‍ക്ക് ചെയ്തത് പ്രകോപിപ്പിച്ചു. മദ്യ ലഹരിയിലായിരുന്ന ഹരികുമാര്‍ സനല്‍കുമാറുമായി ഏറ്റുമുട്ടുകയും ചെകിട്ടത്ത് അടിച്ച് സനല്‍കുമാറിനെ ഓടിവരുന്ന വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനല്‍കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കൂട്ടാക്കാതിരിക്കുകയും പിന്നീട് മരിച്ചെന്ന് ഉറപ്പായ ശേഷം സര്‍വീസ് റിവോള്‍വറുമായി ഒളിവില്‍ പോകുകയും ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി ആത്മഹത്യ ചെയ്യുകയുമായിരുന്നു.






