
തിരുവനന്തപുരം: ശബരിമല നട മണ്ഡലകാല പൂജകള്ക്കായിനാളെ തുറക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ വൈകീട്ട് നിലയ്ക്കല്‍ സന്ദര്‍ശിക്കും. പമ്പയിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ ഇതിനോടകം പമ്പയിലെത്തിയിട്ടുണ്ട്.
പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാര്‍ക്കാണ്. വിജയ് സാക്കറെയ്ക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്പിമാര് വീതുവുമുണ്ടാകും. ഇലവുങ്കലില്‍ പരിശോധന നടത്തിയശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്. വിശദമായ പദ്ധതിയാണ് പൊലീസ് ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനായി തയ്യാറാക്കിയിരിക്കുന്നത്. വനിതാ പൊലീസുകാരുള്‍പ്പെടെ നാല് ഘട്ടങ്ങളായ 18,000 പൊലീസുകാരെ വിന്യസിക്കും. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ 4,500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും. മകരവിളക്കിന് 5,000 പൊലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തില്‍ വനിത ബറ്റാലിയനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള പൊലീസിന്റെ കമാന്റോകളും കേന്ദ്ര ദ്രുതകര്‍മ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയല്‍ ഉണ്ടാകും. ഹെലികോപ്റ്റര്‍ നിരീക്ഷത്തിന്റെ ചുമതല കൊച്ചി റെയ്ഞ്ച് ഐജിക്കാണ്. കാല്‍നടയായി എത്തുന്ന തീര്‍ത്ഥാകരെ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ നിന്നും കടത്തിവിടും. 12 മണി മുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കും.






