
വെള്ളത്തില്‍ വച്ച് ചെയ്യുന്ന സൂംബയാണിത്. അരഭാഗം മുതല്‍ തോള്‍വരെ മുങ്ങുന്ന രീതിയില്‍, സൂംബ ചെയ്യുന്നവരുടെ സൗകര്യമനുസരിച്ച് സ്വിമ്മിങ് പൂളില്‍ വെള്ളം ക്രമീകരിക്കാം. പൂളിന്റെ കരയില്‍ നിന്നുകൊണ്ട് അക്വാ സൂംബ ഇന്‍സ്ട്രക്ടര്‍ ചെയ്യുന്ന സ്റ്റെപ്സിനൊപ്പം പൂളില്‍ നില്ക്കുന്നവര് ചുവടുകള്‍ വയ്ക്കുകയാണ് പതിവ്.
വെള്ളത്തില്‍ അനായാസമായി നില്ക്കാന് കഴിയുന്ന ഏതൊരാള്‍ക്കും പ്രായഭേദമന്യേ അക്വാ സൂംബ ചെയ്യാം. ഇതൊരു ലോ ഇംപാക്ട് വ്യായാമ രീതിയായാണ്. മാത്രമല്ല വെള്ളത്തില്‍ നില്ക്കുമ്പോള് ശരീരത്തിന്റെ 8090 ശതമാനം ഭാരം അനുഭവപ്പെടാറില്ല. അതിനാല്‍ മുട്ടുകള്‍ക്കും അരക്കെട്ടിനും നടുവിനും സ്ട്രെസ് കുറവായിരിക്കും.
പ്രായമുള്ളവര്‍ക്കും കാല്‍മുട്ടുകള്‍, ഇടുപ്പ്, നട്ടെല്ല് എന്നിവയ്ക്ക് തേയ്മാനമോ മറ്റ് അസുഖങ്ങളോ ഉള്ളവര്‍ക്കും ചെയ്യാവുന്ന വ്യായാമരീതിയാണിത്. കരയില്‍ സൂംബ ചെയ്യുന്നതിനെ അപേക്ഷിച്ച് വെള്ളത്തിനുള്ളില്‍ വച്ച് ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഫ്ളക്സിബിലിറ്റി കൂടും. അതുകൊണ്ട് വാതരോഗമുള്ളവര്‍ക്കും അനായാസം സൂംബ ചെയ്യാം.
ഡോ. ഷൈനി ആന്റണി റൗഫ്
ദന്തിസ്റ്റ്, സൂംബ പരിശീലക






