
ഇന്ത്യയില്‍ ഫിയറ്റ് കാറുകള്‍ നിര്‍ത്തലാക്കാന്‍ ഫിയറ്റ് ക്രൈസ്ലര് ഓട്ടോമൊബൈല്‍സ് (എഫ്സിഎ) തീരുമാനിച്ചു. ഫിയറ്റ് കാറുകള്‍ക്ക് കാര്യമായ വില്‍പ്പനയില്ലാത്തത് ആണ് നിര്‍ത്തലാക്കാന്‍ കാരണം. പുന്തോ, ലീനിയ, അബാര്‍ത്ത്, അവഞ്ചൂറ, അര്‍ബന്‍ ക്രോസ് മോഡലുകളുടെ ഉത്പാദനം പൂര്‍ണ്ണമായി നിര്‍ത്താനുള്ള നടപടികള്‍ എഫ്സിഎ ആരംഭിച്ചെന്നാണ് സൂചന.
ഇനി ചെറു എസ്യുവികൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് എഫ്സിഎ. ഇന്ത്യയില്‍ ജീപ്പ് മോഡലുകള്‍ നേടുന്ന മികച്ച പ്രചാരമാണ് ഫിയറ്റിന് വിപണിയിൽ തിരിച്ചടിയായത്. പഴയ പുന്തോ അടിത്തറയില്‍ നിന്നും മാറിച്ചിന്തിക്കാന്‍ ഫിയറ്റ് കാട്ടിയ വിമുഖത കമ്പനിയുടെ പരാജയത്തിന്റെ പ്രധാന കാരണമാണ്. ഫിയറ്റിനെ നിര്‍ത്തി പകരം ജീപ്പിന്റെ ഉത്പാദന ശേഷി കൂട്ടാനും എഫ്സിഎ ചിന്തിക്കുന്നു. ഡീലര്‍ഷിപ്പുകളില്‍ ഭൂരിപക്ഷവും ജീപ് ഔട്ട്ലെറ്റുകളായി മാറിയേക്കാമെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര നിരയില്‍ ഫിയറ്റും എസ്യുവി ലോകത്തേക്കു കടക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ തങ്ങളുടെ പുതിയ ഫാസ്റ്റ്ബാക്ക് കൂപ്പെ ക്രോസ്ഓവര്‍ കോണ്‍സെപ്റ്റിനെ ഫിയറ്റ് അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷ പുതിയ കൂപ്പെ ക്രോസ്ഓവറില്‍ ലഭ്യമാണ്.






