
കണ്ണൂര്‍ : തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത മുന്‍പ് നിശ്ചയിച്ചതു പോലെ തന്നെ കീഴാറ്റൂരിലെ വയലുകളിലൂടെ തന്നെ കടന്നുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന നിലയില്‍ ഇനി സമരവുമായി മുന്നോട്ട് പോകില്ലെന്നാണ് സൂചന.
ദേശീയ പാത അതോറിറ്റി പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. രേഖകളുമായി ഭൂവുടമകള്‍ ഹാജരാവാനും നിര്‍ദേശമുണ്ട്. ഇതോടെ വയലില്‍ കൂടി ബൈപ്പാസ് നിര്‍മിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം വെറുംവാക്കായി. അന്തിമവിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇനി എന്തു നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വയല്‍ക്കിളികളുടെ യോഗം ചേരുമെന്ന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.
ദേശീയപാതാ അധികൃതര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് നേരത്തെ തീരുമാനിച്ച 3ഡി അലൈന്മെന്റ് തന്നെ തുടരുമെന്നറിയിച്ചിരിക്കുന്നത്. തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു.






