കൊടുങ്ങല്ലൂര്‍: എസ്. കലേഷിന്റെ കവിത ദീപാ നിശാന്ത് കോപ്പിയടിച്ച സംഭവത്തില്‍ ആരോപണവിധേയനായ പ്രഭാഷകന്‍ എം.ജെ ശ്രീചിത്രനെ നാളെ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ഭരണഘടനാ സംഗമത്തില്‍ നിന്ന് സംഘാടകര്‍ ഒഴിവാക്കി. ഫെയ്സ്ബുക്കിലൂടെയാണ് സംഘടകര്‍ തീരുമാനം അറിയിച്ചത്. ശ്രീചിത്രനെ ഒഴിവാക്കി പകരം മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയെ ഉള്‍പ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ശ്രീചിത്രനെ ഒഴിവാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടില്ല. കവിത മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന. നാളെ കൊടുങ്ങല്ലൂരില്‍ അംബേദ്കര്‍ സ്ക്വയറിലാണ് പരിപാടി. ഡയലോഗ് സാംസ്കാരിക വേദിയാണ് സംഘാടകര്‍. സണ്ണി എം. കപിക്കാട്, രേഖാരാജ്, സുനില്‍ പി. ഇളയിടം എന്നിവരാണ് മറ്റ് പ്രഭാഷകര്‍.
ഇതിനിടെ കവിതാ മോഷണ വിവാദത്തില്‍ ശ്രീചിത്രന് മാപ്പ് പറഞ്ഞു. കലേഷിന്റെ കവിത ദീപയ്ക്ക് നല്‍കുകയായിരുന്നെന്ന് ശ്രീചിത്രന് സമ്മതിച്ചു. കലേഷിനോട് മാപ്പ് പറഞ്ഞു. അതേസമയം തന്റെ കവിതയാണെന്നും അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചോളാന്‍ ശ്രീചിത്രന് പറഞ്ഞുവെന്നുമാണ് ദീപയുടെ വാദം. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് ദീപ പുറത്തുവിട്ടു.






