
തിരുവനന്തപുരം: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട കടുത്ത പ്രതിഷേധവും പ്രതിസന്ധികളും ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുമ്പോള്‍ അതിനെ മറികടക്കാന്‍ തന്ത്രങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തജനവരവിന്റെ കാര്യത്തില്‍ സന്നിധാനം ഇതുവരെ കണ്ടിട്ടില്ലാത്ത കുറവ് നേരിടുമ്പോള്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിട്ടികളെ വെച്ച് പരസ്യം നല്കാന് വരെ തീരുമാനം.
ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെടേണ്ട രണ്ടുമാസം നീളുന്ന മണ്ഡല - മകരവിളക്ക് സീസണില്‍ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്. ഏതാനും നാളായി നിലനില്‍ക്കുന്ന പ്രക്ഷോഭസാധ്യതകളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് വരാന്‍ മടിക്കുന്ന അന്യസംസ്ഥാന ഭക്തരുടെ ആശങ്ക ലഘൂകരിക്കുക എന്ന ഉദ്ദേശത്തിലാണ് പരസ്യത്തിന് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചനകള്‍. വലതുപക്ഷ സംഘടനകളും വിശ്വാസികളും ചേര്‍ന്നുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശബരിമലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
തീര്‍ഥാടകരുടെ എണ്ണം കുറയുന്നതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുമാനക്കുറവ് കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. സാധാരണ ശബരിമലയില്‍ നാട്ടുകാരെക്കാള്‍ കൂടുതല്‍ വരുന്നത് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പക്ഷേ ഇത്തവണത്തെ മണ്ഡലകാല തീര്‍ഥാടനത്തിന്റെ ആദ്യ 13 ദിവസത്തെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31 കോടി കുറവാണെന്നതായിരുന്നു കണക്കുകള്‍ സൂചിപ്പിച്ചത്.
സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണംകൂടാത്തത് ദേവസ്വംബോര്‍ഡിന്റെ പ്രതീക്ഷകള്‍ തെറ്റിക്കുന്നു. വരുമാനത്തില്‍ വന്‍ ഇടിവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം ഇത്രയും ദിവസത്തെ വരുമാനം 50.57 കോടിയായിരുന്നു. ഇത്തവണ 19.37 കോടി രൂപയായാണു വരുമാനം കുറഞ്ഞത്. കാണിക്കയിനത്തില്‍ 8 കോടിയുടെ കുറവാണുള്ളത്. കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളില്‍ 21.94 കോടി രൂപയുടെ അരവണ വിറ്റിരുന്നത് ഇത്തവണ 7.23 കോടിയായി ചുരുങ്ങി. അപ്പം വില്പനയില് 2.25 കോടിയുടെ വ്യത്യാസമുണ്ട്. അഭിഷേക ടിക്കറ്റിനത്തില്‍ 41 ലക്ഷത്തിലധികം കിട്ടിയത് 20 ലക്ഷമായി കുറഞ്ഞു.
അന്നദാന സംഭാവന 40 ലക്ഷമെന്നത് 18 ലക്ഷമായി. ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ വിറ്റതില്‍ കിട്ടിയ 4 ലക്ഷമാണു വരുമാനക്കൂടുതലിന്റെ പട്ടികയില്‍ ആകെയുള്ളത്. ശബരിമല വരുമാനത്തിന്റെ 13 ദിവസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദിവസവും മൂന്നുകോടിയോളം രൂപയുടെ കുറവുണ്ട്. ദിവസം ശരാശരി 1.65 കോടി രൂപ അരവണ വില്‍പ്പനയിലൂടെ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 56 ലക്ഷം രൂപ മാത്രം. മണ്ഡലകാലം തുടങ്ങിയശേഷം നവംബര്‍ 26ന് അറുപതിനായിരത്തിലധികം ആളുകള്‍ സന്നിധാനത്തെത്തിയിരുന്നു. അതോടെ പന്ത്രണ്ടുവിളക്ക് കഴിഞ്ഞാല്‍ സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ കൂടുതലായെത്തുമെന്ന് ദേവസ്വംബോര്‍ഡ് പ്രതീക്ഷിച്ചു. എന്നാല്‍, പന്ത്രണ്ടുവിളക്ക് കഴിഞ്ഞുവന്ന ശനി, ഞായര്‍ ദിവസങ്ങളിലും തീര്‍ഥാടകരുടെ എണ്ണംകൂടിയിട്ടില്ല. ദിവസേന രണ്ടുലക്ഷം ടിന് അരവണ വിറ്റ സ്ഥാനത്ത് ഇപ്പോള്‍ വില്‍ക്കുന്നത് എഴുപതിനായിരം എണ്ണമാണ്. അപ്പം വില്‍പ്പനയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നായി കുറയുന്നെന്നാണ് കണക്ക്.
അതേസമയം ശബരിമലയില്‍ ഭക്തജന തിരക്ക് പതിയെ കൂടുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച വരെ 61,000 പേരും ശനിയാഴ്ച വൈകിട്ട് വരെ 75,000 പേരും മലകയറിയിറങ്ങി. തുടക്കത്തില്‍ ദുര്‍ബ്ബലമായിരുന്ന അപ്പം അരവണ വില്‍പ്പനയും ഇപ്പോള്‍ കൂടിയിട്ടുണ്ട്. മല കയറുന്ന ഭക്തരുടെ എണ്ണം കൂടുന്നു എന്നതിന്റെ സൂചനയാണ് ഇതെല്ലാമെന്നാണ് അധികൃതര്‍ പറയുന്നത്. വരുമാനക്കുറവ് രൂക്ഷമാണെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണു ദേവസ്വം മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നത്.






