ബുലന്ദ്സ്ഹര്: ഉത്തര്‍പ്രദേശില്‍ പശുവിന്റെ പേരില്‍ കലാപം. പോലീസ് എയ്ഡ്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. യു.പിയിലെ ബുലന്ദ്സ്ഹറിലാണ് സംഘര്‍ഷം. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകളാണ് അക്രമം തുടങ്ങിയത്.
ചിംഗ്രാവതി പോലീസ് ഔട്ട് പോസ്റ്റ് പരിധിയില്‍ ഒരു പശുവിന്റെ ശരീരം കണ്ടതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ ചില തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വരികയും ചത്ത പശുവിന്റെ ശരീരം ട്രാക്ടറില്‍ കയറ്റി ചിംഗ്രാവതി പോലീസ് ഔട്ട് പോസ്റ്റിന് മുന്നില്‍ പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി.
പോലീസ് ഔട്ട്പോസ്റ്റിനെതിരെ അക്രമികള്‍ കല്ലെറിഞ്ഞു. ഒൗട്ട് പോസ്റ്റിന് തീയിടുകയും പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. കല്ലേറില്‍ പരുക്കേറ്റാണ് പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ കിംഗ് കൊല്ലപ്പെട്ടത്. പ്രതിഷേധ സംഘത്തില്‍ ഉണ്ടായിരുന്ന സുമിത് കുമാര്‍ സിംഗാണ് കൊല്ലപ്പെട്ട രണ്ടാമന്. അക്രമികള്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പിലാണ്. സുമിത് കുമാര്‍ മരിച്ചത്.
ബുലന്ദ്സ്ഹറില് സംഘര്‍ഷാവസ്ഥ തുടരുകയാണ്. മീററ്റ് സോണ്‍ എ.ഡി.ജി പ്രശാന്ത് കുമാര്‍ ഉള്‍പ്പെടെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം പശുവിനെ കശാപ്പ് ചെയ്തത് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.





