കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി ധനസഹായം, ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി; അറിയാം പ്രധാനവാര്‍ത്തകള്‍
കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി ധനസഹായം, ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി; അറിയാം പ്രധാനവാര്‍ത്തകള്‍
Authored by Web Desk | Last updated: 06 Dec 2018, 5:34 PM | 1 min read
പ്രളയ ദുരിതാശ്വാസം; കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി ധനസഹായം
ന്യൂഡല്‍ഹി : പ്രളയദുരിതാശ്വാസത്തിനായി കേരളത്തിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. കേരളത്തിന് 3048 കോടിയുടെ സഹായം നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് തീരുമാനം.
ഭക്തര്‍ക്ക് തടസമില്ല, പിന്നെ ആര്‍ക്കാണ് ദോഷം; ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി : മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഒരു തരത്തിലും ഭക്തര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതുകൊണ്ട് എന്ത് പ്രശ്നമാണ് ശബരിമലയില്‍ ഉണ്ടായിട്ടുള്ളതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ ഹൈക്കോടതി നടത്തിയിട്ടുള്ള ഈ നിരീക്ഷണം സര്‍ക്കാരിന് ഏറെ ആശ്വാസം പകര്ന്നുകൊണ്ടുള്ളതാണ്.
കൊല്ലപ്പെട്ട സുബോധ് കുമാര്‍ ഹിന്ദുക്കളെ ദ്രോഹിച്ചിരുന്നു; അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പ്രതിയുടെ വീഡിയോ
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന വിചിത്ര വാദവുമായി കേസിലെ പ്രതി ശിഖര്‍ അഗര്‍വാള്‍. യുവമോര്‍ച്ചയുടെ നേതാവു കൂടിയായ ഇയാള്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പുറത്തു വിട്ട വീഡിയോയിലാണ് സുബോധ് കുമാറിനെതിരെ ഹിന്ദു വിരുദ്ധത ആരോപിക്കുന്നത്.
ബുലന്ദ്ഷഹര്‍ കലാപം: മുഖ്യപ്രതിയായ ബജ്റംഗ്ദള്‍ നേതാവ് അറസ്റ്റില്‍
ലഖ്നൗ: ബുലന്ദ്ഷഹര്‍ കലാപത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കലാപക്കുറ്റം ചുമത്തി കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബുലന്ദ്ഷ്ഹറില് പശുവിന്റെ പേരില്‍ കലാപം നടന്നത്. ചത്ത പശുവിന്റെ ശരീരം കണ്ടെത്തിയതിനെ തുടര്‍ന്ന് പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ചായിരുന്നു കലാപം.
ബി.ജെ.പി സമൂഹത്തെ ഭിന്നിപ്പിക്കുന്നു; സാവിത്രി ഫുലെ എം.പി പാര്‍ട്ടി വിട്ടു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി സാവിത്രി ഫുലെ പാര്‍ട്ടി വിട്ടു. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് സാവിത്രി ഫുലെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഭിന്നതയിലായിരുന്ന സാവിത്രി ഫുടെ കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു.