ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി കടുത്ത ഭിന്നതയിലായിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ രാജിവച്ചു. രഘുറാം രാജന്റെ പിന്മാമിയായി റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് രാജിവയ്ക്കുന്നത്. വ്യക്തിപരാമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം.
എന്നാല്‍ നോട്ട് നിരോധനം അടക്കം കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതും ഏറെ വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് നാല് മാസങ്ങള്‍ മാത്രം ശേഷിക്കെ ഉര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ്. നോട്ട് നിരോധനം അടക്കമുള്ള സാമ്പത്തിക പരിഷ്കരണ നടപടികളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നോക്കുകുത്തിയാക്കിയെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളും ഇതോടെ ശരിയാവുകയാണ്.
കേന്ദ്രസര്‍ക്കാരുമായി ഏറെ നാളായി തുടരുന്ന ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഉര്‍ജിത് പട്ടേല്‍ ആര്.ബി.ഐയുടെ കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ തന്നെ രാജി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോട്ട് നിരോധനം കിരാത നടപടിയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജിയും കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കും.






