
ക്രാഷ് ടെസ്റ്റില്‍ തകർന്നടിഞ്ഞ് പുതിയ ജീപ്പ് റാംഗ്ലര്‍. ഒരു സ്റ്റാര്‍ സുരക്ഷ മാത്രമെ യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ പുതിയ റംഗ്ലറിന് ലഭിച്ചുള്ളൂ. അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഈ വര്‍ഷമാദ്യം കൊണ്ടുവന്ന നാലാംതലമുറ റാംഗ്ലറാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.
ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ് സ്പോട് മോണിട്ടറിംഗ് സംവിധാനം മുതലായ നിര്‍ണ്ണായക സുരക്ഷാ സജ്ജീകരണങ്ങള്‍ റംഗ്ലറിന് ലഭിക്കാതെ പോയതാണ് ക്രാഷ് ടെസ്റ്റില്‍ തകരാൻ കാരണം.
യൂറോ NCAP പുറത്തുവിട്ട ഫലം പ്രകാരം അമ്പതു ശതമാനം സുരക്ഷ മാത്രമെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് റാംഗ്ലര്‍ സമര്‍പ്പിക്കുന്നുള്ളൂ. എന്നാൽ, ഇടിപ്പരീക്ഷയില്‍ വഴിയാത്രക്കാര്‍ക്ക് 49 ശതമാനം സുരക്ഷയാണ് റാംഗ്ലര്‍ ഉറപ്പുവരുത്തിയത്.
റംഗ്ലാറിന് നൂതനമായ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനവും ക്യാമറ - റഡാര്‍ സാങ്കേതികവിദ്യയും അടുത്തവര്‍ഷം മുതല്‍ ഉറപ്പുവരുത്തുമെന്ന് ജീപ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സുരക്ഷക്കായി ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ് ഹെഡ്, സൈഡ് ചെസ്റ്റ് എയര്‍ബാഗുകള്‍ റാംഗ്ലറിൽ ഒരുങ്ങുന്നു.






