
ഓട്ടോറിക്ഷകള്‍ക്കും സുരക്ഷാ നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ഓട്ടോറിക്ഷാ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയുമായി കേന്ദ്ര ഗതാഗതമന്ത്രാലയം രംഗത്ത്. ഡോറുകളും ഡ്രൈവര്‍ക്ക് പരിക്ക് കുറയ്ക്കാന്‍ സീറ്റു ബെല്‍റ്റും നിര്‍ബന്ധമാക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ ആലോചന. സുരക്ഷ മുന്‍നിര്‍ത്തി 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് സൂചന.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി 6762 ജീവനുകളാണ് പൊലിഞ്ഞത്. കൂടുതല്‍ സുരക്ഷയൊരുക്കിയാല്‍ അപകടമരണങ്ങള്‍ കുറയ്ക്കാനകുമെന്നാണ് സര്‍ക്കാര്‍ നിഗമനം. ഡോര്‍, സീറ്റ് ബെല്‍റ്റ് എന്നിവ കൂടാതെ ഇരട്ട ഹെഡ്ലാമ്പ്, ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ക്ക് കൃത്യമായ അളവ്, പിന്‍നിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്പേസ് വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ഡോര്‍ ഇല്ലാത്തത് കാരണം ചെറിയ അപകടത്തില്പോലും യാത്രക്കാര്‍ പുറത്തേക്ക് തെറിക്കുകയും മാരകമായി പരിക്കേല്‍ക്കാറുമുണ്ട്. പുതിയ തീരുമാനം പ്രകാരം ഡോറുകള്‍ നിര്‍മ്മാതാക്കള്‍ക്ക് സ്ഥാപിക്കേണ്ടതായി വരും. സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും. പ്രതിവര്‍ഷം അഞ്ചു മുതല്‍ ആറുലക്ഷം ഓട്ടോറിക്ഷകളാണ് വിപണിയില്‍ പുറത്തിറങ്ങുന്നത്.






