
ഓ1ഡ് ട്രാഫോര്‍ഡ്: തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് കുതിക്കുമ്പോള്‍ ലോകത്തുടനീളം അനേകം ആരാധകരുള്ള ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനെ മാറ്റിയുള്ള പരീക്ഷണം വിജയിക്കുമോ? വിഖ്യാത മാനേജര്‍ ജോസ് മൊറീഞ്ഞോയെ പുറത്താക്കിയ ക്ളബ്ബിന് പുതിയ പരിശീലകനായി ആരു വരുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. നോര്‍വേക്കാരനായ മുന്‍ താരം ഒലേ ഗുണ്ണാര്‍ സോള്ജറെയാണ് ഇടക്കാല പരിശീലകനായി മാഞ്ചസ്റ്റര്‍ കണ്ടിരിക്കുന്നത്.
മാഞ്ചസ്റ്ററിന്റെ എക്കാലത്തെയും മികച്ച പരിശീലകന് അലക്സ് ഫെര്‍ഗൂസന്റെ സഹായിയായിരുന്ന മൈക്ക് ഫെലാനെ സഹായിയായും നിര്‍ത്തിയിട്ടുണ്ട്. സീസണ് അവസാനിക്കും വരെ സോള്‍ജര്‍ കാര്യം നോക്കുമെങ്കിലും അടുത്ത സീസണിലേക്ക് ടോട്ടന്‍ഹാമിന്റെ പരിശീലകന് മൗറീഷ്യോ പൊച്ചെറ്റീനോയെയാണ് മാഞ്ചസ്റ്റര്‍ ഉന്നമിടുന്നത്. ഇതിനായി പൊച്ചെറ്റീനോയ്ക്ക് മോഹവില എറിയുകയും ചെയ്തിട്ടുണ്ട് ഇംഗ്ളണ്ടിലെ ചെമ്പട. അലക്സ് ഫെര്‍ഗൂസനും ഏറെ ഇഷ്ടപ്പെട്ടയാള് എന്ന നിലയില്‍ അര്‍ജന്റീനക്കാരനായ പൊച്ചെറ്റീനോയുമായി ദീര്‍ഘകാല കരാറാണ് മാഞ്ചസ്റ്റര്‍ ആഗ്രഹിക്കുന്നത്. അഞ്ചു വര്‍ഷ കരാറില്‍ ഏര്‍പ്പെടാനാണ് സാധ്യത.
അതേസമയം തന്നെ 45 കാരനായ പൊച്ചെറ്റീനോയെ കിട്ടുന്നതില്‍ മാഞ്ചസ്റ്ററിന് ഏറ്റവും വലിയ വെല്ലുവിളി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡാണ്. മാഞ്ചസ്റ്ററിനെ പോലെ തന്നെ തങ്ങളുടെ യുവനിരയെക്കൊണ്ട് ഉജ്വല ഫുട്ബോള്‍ കളിപ്പിക്കാന്‍ പൊച്ചറ്റീനോയ്ക്ക് കഴിയുമെന്ന് റയല്‍മാഡ്രിഡും കരുതുന്നു. ഈ സീസണ് അവസാനിക്കുന്നത് വരെ മൊറീഞ്ഞോ തുടരട്ടെ എന്നാണ് മാഞ്ചസ്റ്റര്‍ തലവന്‍ എഡ് വുഡ്വാര്‍ഡ് കരുതിയിരുന്നതെങ്കിലും കഴിഞ്ഞ ഞായറാഴ്ച ലിവര്‍പൂളിനോട് 3-1 ന് തോറ്റതോടെ തെറുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം മൊറീഞ്ഞോയുടെ പകരക്കാരനായി വരുന്ന സോള്ജറിനും ടീമിനെ നിലവിലെ സ്ഥിതിയില്‍ നിന്നും കരകയറ്റാന്‍ കഴിയുമെന്ന് ആരാധകര്‍ കരുതുന്നില്ല. കാരണം 2014 ല്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനായിരുന്ന സോള്ജറിന് അവിടെ കാര്യങ്ങള്‍ ഏറെ ദുഷ്ക്കരമായിരുന്നു. ഈ മാസം ആദ്യം മോള്ഡേയുടെ പരിശീലകനായി കരാര്‍ എഴുതിയിരിക്കുകയാണ് സോള്‍ജര്‍. അതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റില്‍ അറിയാതെ വെളിപ്പെടുത്തിയത്.





