
തൃശൂര്‍: തിരക്കുകള്‍ക്കിടയില്‍ തിരുവാതിരയില്‍ നടനചാതുരിയോടെ നിറഞ്ഞാടിയിരിക്കുകയണ് മേയര്‍ അജിതാ വിജയന്. വടക്കുംനാഥ ക്ഷേത്രത്തിലെ ആതിരോത്സവത്തിനാണ് മേയറുടെ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറിയത്. തിരുവാതിര സംഘത്തില്‍ മേയറെ കണ്ടതോടെ അത് പലര്‍ക്കും കൗതുകമായി. എട്ടു വര്‍ഷമായി കണിമംഗലം ശ്രീകൃഷ്ണ തിരുവാതിരക്കളി സംഘത്തിലെ അംഗമാണ് മേയര്‍.
മേയറായി ചുമതലയേറ്റ ശേഷം ഔദ്യോഗിക കൃത്യ നിര്‍വഹണവുമായി ബന്ധപ്പെട്ട് തിരക്കുകള്‍ക്കിടയിലാണ് മേയര്‍ സ്റ്റേജില്‍ കയറാന്‍ സമയം കണ്ടെത്തിയത്. നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നു ഇത്. ഗണപതി സ്തുതിയില്‍ ആരംഭിച്ച് സരസ്വതിയും പദവും കുമ്മിയും വഞ്ചിപ്പാട്ടുമെല്ലാം ചേര്‍ന്ന് മംഗളം പാടി അവസാനിച്ച കളി പുത്തന്‍ അനുഭവമായി. 14 അംഗസംഘമാണ് മേയറുടെ നേതൃത്വത്തില്‍ വേദിയില്‍ അണിനിരന്നത്.
ഇതിനുപുറമെ, ശ്രീ മുരുക തിരുവാതിരക്കളിസംഘം, സുജം നൃത്തകലാനിലയം, ശിവപാര്‍വ്വതി തിരുവാതിരക്കളിസംഘം, പാരിജാതം തിരുവാതിരക്കളിസംഘം, കാര്‍ത്തിക തിരുവാതിരക്കളിസംഘം, ഇരിങ്ങാലക്കുട സംഗമഗ്രാമം, തപസ്യ എന്നീ സംഘങ്ങളുടെ തിരുവാതിരയും ആതിരോത്സവത്തില്‍ അരങ്ങേറി. പ്രണവം ശങ്കരന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സംഗീതോത്സവവും നടന്നു.






