
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ അഞ്ച് ലക്ഷം വാഹനങ്ങള്‍ വിറ്റതായി അറിയിച്ചു. അഞ്ച് ലക്ഷം കാറുകളില്‍ 2.75 ലക്ഷത്തിലധികം യൂണിറ്റ് വിറ്റുപോയത് ക്വിഡ് മോഡലാണ്. ഇന്ത്യയില്‍ ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിച്ച കാര്‍ നിര്‍മ്മാതാക്കളിലൊന്നാണ് റെനോ.
റെനോ 'ഇന്ത്യാ സ്ട്രാറ്റജി' പിന്തുടര്‍ന്നതാണ് ചുരുങ്ങിയ കാലയളവില്‍ ഈ അഭിമാന നേട്ടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഇത്രവേഗം അഞ്ച് ലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടുന്നതിന് വലിയ പങ്ക് വഹിച്ചുവെന്ന് റെനോ ക്വിഡിന് അഭിമാനിക്കാം. റിപ്പോർട്ട് പ്രകാരം അഞ്ച് ലക്ഷം വില്‍പ്പന ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്വിഡ് മോഡലിന് പരിമിത കാലത്തേക്ക് 3.99 ശതമാനം പലിശ നിരക്കില്‍ പ്രത്യേക ഫിനാന്‍സ് സൗകര്യം പ്രഖ്യാപിച്ചു. റെനോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2010 ലാണ്. മഹീന്ദ്രയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിലൂടെ ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.
ആദ്യമായി വിപണിയിലെത്തിച്ചത് ലോഗന് സെഡാനാണ്. എന്നാല്‍ ഫ്ലൂവന്‍സ് സെഡാനാണ് റെനോ സ്വന്തമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ച ആദ്യ കാര്‍. നിലവില്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി, കാപ്ചര്‍ എന്നീ നാല് മോഡലുകളാണ് റെനോ ഇന്ത്യ വില്‍ക്കുന്നത്. നിലവില്‍ രാജ്യത്തെ 350 ലധികം കേന്ദ്രങ്ങളിലാണ് സാന്നിധ്യമറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റെനോ.






