ന്യൂഡല്‍ഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷാ വിധിക്കെതിരെ സജ്ജന്‍ കുമാര്‍ അപ്പീല്‍ സമര്‍പ്പിച്ചതായി സുപ്രീം കോടതി രജിസ്ട്രിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ഇരകളുടെ അഭിഭാഷകന് എച്ച്.എസ് ഫൂല്‍ക്കെ അറിയിച്ചു.
സജ്ജന്‍ കുമാറിന് അനുകൂലമായി എക്സ്പാര്‍ട്ടി വാദം കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഇരകള്‍ക്ക് വേണ്ടി കവിയറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 17നാണ് സിഖ് വിരുദ്ധ കലാപക്കേസില്‍ സുപ്രീം കോടതിയുടെ വിധി വന്നത്. സജ്ജന്‍ കുമാര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്നാണ് വിധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബര്‍ 1-2 തീയതികളിലാണ് സിഖ് വിരുദ്ധ കലാപമുണ്ടായത്.
കേസില്‍ കീഴടങ്ങാന്‍ സാവകാശം ആവശ്യപ്പെട്ട് സജ്ജന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സാവകാശം അനുവദിച്ചില്ല.






