ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കഥ പ്രമേയമാകുന്ന ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി തിരഞ്ഞെടുക്കണമെന്ന് ബി.ജെ.പി എം.പി കിരണ്‍ ഖേര്‍. ചിത്രത്തില്‍ മന്മോഹന് സിംഗിന്റെ വേഷം അഭിനയിച്ച അനുപം ഖേറിന്റെ ഭാര്യയാണ് കിരണ്‍ ഖേര്‍. ചരിത്രം തിരുത്തിക്കുറിക്കുന്ന ചിത്രമാണ് ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന രാഹുല്‍ ഗാന്ധി ഇപ്പോള്‍ അത് പ്രാവര്‍ത്തികമാക്കി കാണിക്കുകയാണ് വേണ്ടതെന്നും കിരണ്‍ ഖേര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രധാനമന്ത്രി മന്മോഹന് സിംഗിനേയും മോശമായി ചിത്രീകരിക്കുന്ന സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ചിത്രം ബി.ജെ.പിയുടെ പ്രചരാണായുധമാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തതോടെ ആരോപണം ശക്തമായി. ബി.ജെ.പി അനുഭാവികള്‍ ചിത്രത്തിന്റെ ട്രെയ്ലര് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
മന്മോഹന് സിംഗിന്റെ ഉപദേശകനായിരുന്ന സഞ്ജയ് ബാറു എഴുതിയ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍. ചിത്രം ജനവുരി 11ന് റിലീസാകും






