ന്യൂഡല്‍ഹി: 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് വെട്ടിച്ചുരുക്കി. അച്ചടി വെട്ടിച്ചുരുക്കിയതായി ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ലെ നോട്ട് നിരോധനത്തിന് ശേഷമാണ് 2000 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. പ്രചാരത്തിലുള്ള പണത്തിന്റെ അടിസ്ഥാനത്തില്‍ നോട്ടിന്റെ അച്ചടി വെട്ടിച്ചുരുക്കാറുണ്ടെന്ന് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
2017 മാര്‍ച്ച് അവസാനത്തോടെ 3285 മില്യണ്‍ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ 2018 മാര്‍ച്ച് അവസാനത്തോടെ 2000 രൂപ നോട്ടുകള്‍ 3363 മില്യണ്‍ ആയി മാത്രമാണ് വര്‍ധിച്ചത്.
2000 രൂപ നോട്ടുകള്‍ നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനുമായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നോട്ട് സാധുവായിരിക്കും. എന്നാല്‍ അച്ചടി ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരും. പിന്നീട് നിര്‍ത്തലാക്കിയേക്കുമെന്നും സൂചനയുണ്ട്.






