
സ്കൈപ്പില്‍ സുരക്ഷാ പാളിച്ചയുള്ളതായി റിപ്പോര്‍ട്ട്. വിഡിയോ ചാറ്റിങ്ങിനായി ആളുകള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്കൈപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
യൂറോപ്പിലെ കോസോവോ സ്വദേശി ഫ്ളോറിയന്‍ കുനുഷേവ്സിയാണ് തട്ടിപ്പിന്റെ ആധികാരികമായ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു വിഡിയോയിലൂടെയാണ് തട്ടിപ്പ് നടക്കുന്നതെങ്ങനെയെന്ന് ഇദ്ദേഹം വ്യക്തമാക്കി തരുന്നത്.
വി ചാറ്റ് സേവനമായ സ്കൈപ്പിലൂടെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് മറി കടക്കാനാകുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. സ്കൈപ്പ് കാള്‍ ചെയ്യുന്ന അവസരത്തില്‍ ഫോണിലെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ചോര്‍ത്താന്‍ സാധിക്കുമെന്നു വിഡിയോയില്‍ നിന്നും ഇദ്ദേഹം മനസിലാക്കി തരുന്നു.
ഇതുവഴി ഫോണിലെ ആപ്ലിക്കേഷനുകളും ചിത്രങ്ങളും വിഡിയോകളും മറ്റ് സ്വകാര്യ വിവരങ്ങളും മറ്റൊരാള്‍ക്ക് ചോര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ സ്കൈപ്പ് ആപ്പ് വഴി ഒരാള്‍ക്ക് മറ്റൊരാളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനും തട്ടിപ്പ് നടത്താനും സാധിക്കും.
അതേസമയം, ഈ വാര്‍ത്തയോടു ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല. 2018-ല്‍ തന്നെ ഈ സുരക്ഷാ പാളിച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പൂര്‍ണമായും പരിഹരിച്ചെന്നാണ് കഴിഞ്ഞ വര്‍ഷം അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സ്കൈപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കമ്പനിയുടെ അറിയിപ്പുണ്ട്.






