
ന്യൂഡൽഹി: പ്രവാസി ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇനി രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ചുതന്നെ പേടിഎം ആപ്പിലൂടെ യുപിഐ ഇടപാടുകൾ നടത്താനാകും. ഇതോടെ ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് യുപിഐ ഉപയോഗിക്കാൻ പ്രത്യേക ഇന്ത്യൻ സിം വാങ്ങുകയോ, ഇന്ത്യൻ സിം സജീവമാക്കാൻ ഇന്റർനാഷണൽ റോമിങ് ചാർജ് നൽകുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാകും.
എൻആർഇ അല്ലെങ്കിൽ എൻആർഒ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാകുക. നിലവിൽ 12 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, അമേരിക്ക, യുകെ, ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിലുള്ള പ്രവാസികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
പുതിയ സംവിധാനത്തിലൂടെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് സാധാരണ ഉപയോക്താക്കളെപ്പോലെ തന്നെ എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനാകും. ഇതിനായി പ്രത്യേക രാജ്യാന്തര പേയ്മെന്റ് ഗേറ്റ്വേയോ കറൻസി കൺവേർഷൻ സംവിധാനമോ ആവശ്യമില്ലെന്നും പേടിഎം അറിയിച്ചു.






